ലക്‌നൗ: യുപിയിലെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു. ഇരുപത് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കൊലപാതകങ്ങൾ, കവർച്ച, തീവെപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായിരുന്നവരെ ആണ് തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി വെറുതെ വിട്ടത്.
2013ലെ മുസാഫർനഗർ കലാപമുണ്ടായിട്ട് എട്ട് വർഷങ്ങൾ പിന്നിടുമ്പോൾ കലാപകേസുകളിൽ കോടതി ഇതുവരെ വെറുതെ വിട്ടത് 1,100 പേരെയാണ്. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷിച്ചത് വെറും ഏഴ് പേരേയും. ശിക്ഷിക്കപ്പെട്ട ഏഴുപേരും ഒരു കേസിലെ പ്രതികളാണ്.
97 കേസുകളാണ് കോടതി പരിഗണിച്ചത്. ആകെ 510 കേസുകളാണ് മുസാഫർനഗർ കലാപങ്ങളിൽ ഫയൽ ചെയ്‌തിരിക്കുന്നത്. കവൽ ഗ്രാമവാസികളായ സചിൻ, ഗൗരവ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഏഴുപേരെ ശിക്ഷിച്ചത്.
2013 ഓഗസ്‌റ്റിൽ മുസാഫർ നഗറിൽ ഹിന്ദു- മുസ്‌ലിം സമുദായങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷമാണ് ‘മുസാഫർ നഗർ’ കലാപം. 42 മുസ്‌ലിമുകളും 20 ഹിന്ദുക്കളും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിയും വന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും രൂക്ഷമായ ലഹളയായിരുന്നു ഇത്.
കലാപത്തെ തുടർന്ന് സംസ്‌ഥാനത്ത് ആദ്യമായി സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. കലാപം നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. സെപ്‌റ്റംബർ 17 വരെ നീണ്ടുനിന്ന കലാപത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകയും കൊല്ലപ്പെട്ടിരുന്നു.
Entertainment News: താപ്‌സിയുടെ ‘രശ്‌മി റോക്കറ്റ്’ സീ5ല്‍; റിലീസ് ഒക്‌ടോബറിൽ