കൊച്ചി: ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. ഹരജി സിംഗിള്‍ ബെഞ്ച് വിശദമായി പരിഗണിക്കട്ടേയെന്നും കോടതി പറഞ്ഞു.
ക്രിസ്‌ത്യൻ നാടാർ സമുദായത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്‌ഥാന സർക്കാരിന് അധികാരമുണ്ടെന്നും, സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമാണ് സംസ്‌ഥാന സർക്കാർ വാദിച്ചത്. എന്നാൽ വിഷയത്തിൽ ഇടക്കാല ഉത്തരവ് മാത്രമാണ് സിംഗിൾ ബഞ്ച് പുറപ്പെടുവിച്ചതെന്നും അതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അറിയിച്ചത്.
സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്ഐയുസി) ഒഴികെയുള്ള ക്രിസ്‌ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്‌ഥാന സർക്കാർ ഉത്തരവ് ഓഗസ്‌റ്റ് 6നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്‌റ്റേ ചെയ്‌തത്. എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ് ചന്ദ്രൻ എന്നിവർ നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് പിബി സുരേഷ് കുമാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Most Read: ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി