മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്ത പാർട്ടിയിലെതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് കരണിന് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയിൽ ബോളിവുഡിലെ താരങ്ങളായ ദീപിക പദുകോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖരും പങ്കെടുത്തിരുന്നു.
ശിരോമണി അകാലിദൾ നേതാവായ മഞ്‌ജിന്ദർ സിങ്ങിന്റെ പരാതിയിലാണ് എൻസിബി കരണിന് എതിരെ നടപടി സ്വീകരിച്ചത്. 2020 സെപ്റ്റംബറിലാണ് എൻസിബിക്ക് കത്ത് അയച്ചത്. എൻസിബിയുടെ മഹാരാഷ്‌ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്‌ഥ മനസിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്ന് എൻസിബി ഉദ്യോഗസ്‌ഥൻ പറഞ്ഞു. അതേസമയം കിരണിനെ എന്നാണ് ചോദ്യം ചെയ്യുകയെന്ന് എൻസിബി വ്യക്‌തമാക്കിയിട്ടില്ല.
Read also: കാർഷിക നിയമത്തിന്റെ സാധുത പിന്നീട് പരിശോധിക്കാം; സുപ്രീംകോടതി