ആര്‍ട്ടിമിസ് 1; വിക്‌ഷേപണ കൗണ്ട് ഡൗണ്‍ ആരംഭിച്ച് നാസയുടെ ചാന്ദ്രദൗത്യം

റോക്കറ്റ് എഞ്ചിനിലെ സാങ്കേതിക തകരാർ കാരണം മാറ്റിവച്ച നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 1 ഇന്ന് രാത്രി വിക്ഷേപിക്കും. ഇന്ത്യൻ സമയം രാത്രി 11.47നും പുലർച്ചെ 1.47നും ഇടയിലായിരിക്കും വിക്ഷേപണം. 1972നു ശേഷം 50 വർഷങ്ങൾക്കിപ്പുറമാണ് ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള ശ്രമം പുനരാരംഭിക്കുന്നത്.

By Central Desk, Malabar News
NASA's Lunar Mission Begins Artemis 1 Launch Countdown
Ajwa Travels

വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ അതിന്റെ ചാന്ദ്രദൗത്യം ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. എഞ്ചിന്‍ പ്രശ്‌നങ്ങൾ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ച ദൗത്യമാണ് ഇന്ന് വീണ്ടും ടേക് ഓഫ് ചെയ്യുന്നത്.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ്‌ സെന്ററിലെ 39 ബി ലോഞ്ച്പാഡില്‍ നിന്നാണ് പേടകം കുതിക്കുക. ഇന്ത്യന്‍ സമയം രാത്രി 11:47 നാണ് വിക്ഷേപണ ശ്രമം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും നീണ്ടു നിൽക്കുന്നതാണ് യാത്രാദൂരം. ഭാവിയില്‍ മനുഷ്യര്‍ക്ക് ചന്ദ്രനില്‍ എത്താനുള്ള സാഹചര്യം പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്.

അപ്പോളോ ദൗത്യങ്ങൾ അവസാനിപ്പിച്ച് 50 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നാസ നടത്തുന്നത്. ഓഗസ്‌റ്റ് 29 തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു ആദ്യ വിക്ഷേപണശ്രമം. വിക്ഷേപണത്തിന് തൊട്ടുമുൻപ് കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ചതായി നാസ അറിയിച്ചു. വിക്ഷേപണം റദ്ദാക്കി ദിവസങ്ങള്‍ക്ക് ശേഷം, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഇന്നത്തേക്ക് വിക്ഷേപണത്തിന് അനുമതി നല്‍കി. യുഎസ് സ്‌പേസ് ഫോഴ്‌സ് ബഹിരാകാശ വിക്ഷേപണം ഡെല്‍റ്റ 45ലെ കാലാവസ്‌ഥാ നിരീക്ഷകര്‍ 60% അനുകൂലമായ കാലാവസ്‌ഥയാണ് പ്രവചിക്കുന്നത്.

നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മനുഷ്യർ പോകുന്നില്ല. ഓറിയോണിൽ യാത്രക്കാർക്ക് പകരം മൂന്ന് ഡമ്മികൾ മാത്രമാണുള്ളത്. കാംപോസും ഹെൽഗയും സോഹഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്ന് സെൻസറുകൾ മനുഷ്യ യാത്രക്ക് പേടകം സജ്‌ജമാണോ എന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് പേടകം തിരികെ പ്രവേശിക്കുമ്പോൾ അനുഭവിക്കേണ്ടി വരികെ 2760 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഈ ചൂട് പേടകത്തിന് അതിജീവിക്കാനാകണം.

നാസയുടെ ബഹിരാകാശ പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവാകുന്ന പദ്ധതിയാണ് ആർട്ടിമിസ്. 600 കോടി യുഎഎസ് ഡോളർ ചെലവിലാണ് പദ്ധതിയുടെ പൂർത്തീകരണം. ഓരോ വിക്ഷേപണത്തിനും 50 കോടി യുഎസ് ഡോളർ ചെലവ് വേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. 322 അടിനീളമുള്ള റോക്കറ്റാണിത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന നാല് ആർഎസ് 25 എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

റോക്കറ്റിൽ പ്രത്യേക ഭാഗമായാണ് യാത്രികർക്കുള്ള പേടകമായ ഓറിയൺ ഘടിപ്പിക്കപ്പെടുന്നത്. 21 ദിവസം വരെ യാത്രക്കാരുമായി ബഹിരാകാശത്ത് കഴിയാൻ ഓറിയണിനു കഴിയും. ദൗത്യ നിർവഹണത്തിന് ശേഷം പസഫിക് സമുദ്രത്തിൽ ഇത് വീഴുകയും ചെയ്യും. 1972 വരെ അപ്പോളോ ദൗത്യങ്ങൾ തുടർന്നിരുന്നു. ആകെ 12 പേർ ഈ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടു. എന്നാൽ പിന്നീട് 50 വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയിരുന്നില്ല.

നാസ എന്താണ്?

what is NASA Malayalam

ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി അമേരിക്ക സ്‌ഥാപിച്ചതാണ് ‘നാസ’ അഥവാ നാഷണൽ എയ്‌റോനോട്ടിക്‌സ് ആൻഡ് സ്‌പെയ്‌സ്‌ അഡ്‌മിനിസ്‌ട്രേഷൻ. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയാണ് നാസ. വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനൽകുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1958ൽ സ്‌ഥാപിതമായ നാസയുടെ ആസ്‌ഥാനം വാഷിംഗ്‌ടൺ ആണ്.

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു നാസയുടെ അപ്പോളോ 11. ഇത് 1969 ജൂലൈ 16നായിരുന്നു. അന്ന് നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂലായ് 21ന് നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. അപ്പോളോ 11 ചന്ദ്രനുചുറ്റും ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ മൈക്കൽ കോളിൻസ് വാഹനത്തിൽ കഴിഞ്ഞു. ശേഷം ആറു തവണ മനുഷ്യരെ, നാസ ചന്ദ്രനിലിറക്കിയിട്ടുണ്ട്.

NASA's Lunar Mission Begins Artemis 1 Launch Countdown

എന്താണ് ആര്‍ട്ടിമിസ് 1?

മുൻപ് ആകെ 12 പേർ വിവിധ ‘നാസ’ ദൗത്യങ്ങളിലായി ചന്ദ്രനെ തൊട്ടിട്ടുണ്ട്. എന്നാൽ പിന്നീട് 50 വർഷത്തോളം ചന്ദ്രനിലേക്ക് മനുഷ്യർ പോയിരുന്നില്ല. വീണ്ടും ആരംഭിക്കുന്ന പദ്ധതിയാണ് ‘ആര്‍ട്ടിമിസ് 1‘. നാസയുടെ നേതൃത്വത്തിൽ ഒന്നിലധികം അന്താരാഷ്‌ട്ര, യുഎസ് ആഭ്യന്തര പങ്കാളികളുള്ള മനുഷ്യരെ ഉൾക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആർട്ടെമിസ് 1 ദൗത്യം. 2025ഓടെ മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആർട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ആദ്യപടിയാണ് മനുഷ്യ യാത്രക്ക് പേടകം സജ്‌ജമാണോ എന്നത് ഉറപ്പിക്കാനുള്ള ഇന്നത്തെ യാത്ര.

Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE