കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററിലാണ് പ്രവൃത്തികൾ നടക്കുന്നത്. ആറുവരിയായി റോഡ് വെട്ടിത്തുടങ്ങി. പത്ത് കിലോമീറ്ററിൽ റോഡ് പണി ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇരുവശത്തുമായി സർവീസ് റോഡുകളുടെ പ്രവർത്തികളും നടക്കുന്നുണ്ട്. കലുങ്കുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
റോഡുകൾ ബലപ്പെടുത്താനുള്ള സുരക്ഷാ മതിലുകളുടെ നിർമാണവും, വൈദ്യുതി ലൈൻ, ജലവിതരണ പൈപ്പുകൾ എന്നിവ മാറ്റി സ്‌ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുകയാണ്. കാസർഗോഡ് മേൽപ്പാലത്തിന്റെ പൈലിങ് കറന്തക്കാടിന് പുറമെ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തും തുടങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ഷിറിയ എന്നീ പാലങ്ങളുടെ അനുബന്ധ പ്രവൃത്തികളും വേഗത്തിലാക്കിയിട്ടുണ്ട്.
തലപ്പാടി-ചെങ്കള റീച്ചിൽ വളരെ വേഗത്തിലാണ് റോഡ് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നത്. ഭൂമി നിരപ്പാക്കൽ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, മരങ്ങൾ മുറിക്കൽ എന്നിവ അവസാന ഘട്ടത്തിലാണ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നൂറിലധികം തൊഴിലാളികളാണ് നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നത്. തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തികൾ എത്രയും പെട്ടെന്ന് തീർക്കാനാണ് തീരുമാനം.
Most Read: ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസ്; വിധി ഇന്ന്