കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഷാബിൻ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഷാബിനെ കസ്‌റ്റംസ് ആണ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ.
ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്‌റ്റംസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. കടത്താനുപയോഗിച്ച സ്വര്‍ണത്തിന് പണം മുടക്കിയത് ഷാബിനാണെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തല്‍. ഇന്നലെ ഇബ്രാഹിം കുട്ടിയെയും കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഷാബിനെ കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്കെതിരെ വിജിലന്‍സിനെ സമീപിക്കുമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് നിഗമനം. സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് ഇതിന് നേൃതൃത്വം നൽകിയിരുന്നത്. മൂവരും ചേർന്നാണ് സ്വർണ കള്ളക്കടത്തിന് പണം മുടക്കിയതെന്ന് കസ്‌റ്റംസ് പറഞ്ഞു.
തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉപയോഗിച്ചു. പ്രതികൾ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നതായും ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി.
Most Read: സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്