പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?

By Desk Reporter, Malabar News
whatsapp
Representational Image
Ajwa Travels

ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്‌ത വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്‌താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം ‘തെറ്റായ വിവരങ്ങൾ’ പ്രചരിച്ചതും കണക്കിലെടുത്താണ് വാട്‍സ്ആപ്പ് സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നീട്ടിവച്ചത്. മെയ് മാസം 15ആം തീയതി വരെ പുതിയ നയം നടപ്പിലാക്കില്ല എന്നാണ് കമ്പനിയുടെ ഉറപ്പ്.

എന്തുകൊണ്ടാണ് വാട്‍സ്ആപ്പ് പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നീട്ടിവച്ചത്?

ഫേസ്ബുക്കിന് വാട്‍സ്ആപ്പ് ഉപയോക്‌താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതാണ് പുതിയ സ്വകാര്യതാ നയമെന്ന് ജനുവരി ആദ്യം പുതിയ നയം പ്രഖ്യാപിച്ചതു മുതൽ ആരോപണം ഉയർന്നിരുന്നു. പുതിയ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് റദ്ദാക്കുമെന്നും വാട്‍സ്ആപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, വാട്‍സ്ആപ്പിന്റെ മുന്നറിയിപ്പ് ഭയന്ന് മുൻ പിൻ നോക്കാതെ ‘Accept’ ക്ളിക്ക് ചെയ്യാതെ ആളുകൾ കൂട്ടത്തോടെ സിഗ്‌നല്‍, ടെലഗ്രാം മുതലായ പ്ളാറ്റ് ഫോമുകളിലേക്ക് മാറി. ഇത് വാട്‌സ്ആപ്പിന് കനത്ത തിരിച്ചടിയായി മാറി.

ഇതോടെയാണ് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവച്ചത്. ഈ ആരോപണങ്ങളിൽ ഉപയോക്‌താകൾക്ക് സ്വയം സംശയ നിവാരണം നടത്താനും എന്താണ് പുതിയ സ്വകാര്യതാ നയമെന്ന് മനസിലാക്കാനുമാണ് സമയപരിധി നീട്ടിയത് എന്നാണ് കമ്പനിയുടെ വിശദീകരണം.

പുതിയ സ്വകാര്യതാ നയത്തെ കുറിച്ച് വാട്‍സ്ആപ്പ് പറയുന്നത് എന്ത്?

“സ്വകാര്യതാ നയത്തിൽ കാര്യമായ മാറ്റങ്ങളൊന്നും യഥാർഥത്തിൽ വരുത്തിയിട്ടില്ല. വ്യക്‌തികൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ മുൻപത്തെ പോലെ തന്നെ രഹസ്യമായി തുടരും. വാട്‍സ്ആപ്പിനോ ഫേസ്ബുക്കിനോ ഈ വിവരങ്ങൾ ലഭ്യമാകില്ല. പുതുതായുള്ള ബിസിനസ് സന്ദേശങ്ങൾക്ക് മാത്രമാണ് പുതിയ സ്വകാര്യതാ നയം ബാധകമാകുന്നത്.

എന്നിരുന്നാലും, ഉപയോക്‌താക്കൾക്ക് പുതിയ നയവും അതിന്റെ മാറ്റങ്ങളും വായിക്കാനും മനസിലാക്കാനും അംഗീകരിക്കാനും മെയ് 15 വരെ സമയമുണ്ട്.

വാട്‍സ്ആപ്പ് നിർമ്മിച്ചത് ലളിതമായ ഒരു ആശയത്തിലാണ്; നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങൾ പങ്കിടുന്ന സന്ദേശങ്ങൾ നിങ്ങൾക്കിടയിൽ തന്നെ രഹസ്യമായിരിക്കും. ഇതിനർഥം, നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ എപ്പോഴും പരിരക്ഷിക്കും, അതിനാൽ വാട്‍സ്ആപ്പിനോ ഫേസ്ബുക്കിനോ ഈ സ്വകാര്യ സന്ദേശങ്ങൾ കാണാൻ കഴിയില്ല.

അതുകൊണ്ടാണ് എല്ലാവരുടെയും സന്ദേശമയക്കുന്ന അല്ലെങ്കിൽ വിളിക്കുന്നവരുടെ ലോഗുകൾ ഞങ്ങൾ സൂക്ഷിക്കാത്തത്. നിങ്ങൾ പങ്കിട്ട ലൊക്കേഷനും ഞങ്ങൾക്ക് കാണാൻ കഴിയില്ല, ഒപ്പം നിങ്ങളുടെ കോൺടാക്റ്റുകൾ ഞങ്ങൾ ഫേസ്ബുക്കുമായി പങ്കിടില്ല.”

സമയപരിധി നീട്ടിയത് ഉപയോക്‌താക്കളുടെ ‘കൂട്ടപലായനം’ തടയുമോ?

ഒരു പരിധി വരെ തടഞ്ഞേക്കാം, എന്നാൽ ഇതിനോടകം തന്നെ വാട്‍സ്ആപ്പിന് ‘കേടുപാടുകൾ’ സംഭവിച്ചിട്ടുണ്ട്. പുതിയ സ്വകാര്യതാ നയം ഫേസ്ബുക്കും വാട്‍സ്ആപ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉപയോക്‌താക്കളെ ഓർമ്മിപ്പിക്കുകയാണ്, ഇതുവരെ പലരും ഇത് ഗൗരവമായി എടുത്തിരുന്നില്ല.

സ്വകാര്യത സൂക്ഷിക്കുന്നതിൽ അത്ര മികച്ച റെക്കോർഡ് ഇല്ലാത്ത ഫേസ്ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്‍സ്ആപ്പ് സേവനം ഉപയോഗിച്ച് സുഹൃത്തുക്കൾക്കും മറ്റും സന്ദേശം അയക്കുന്നതിൽ ഉപയോക്‌താക്കൾ പുനർവിചിന്തനം നടത്തുമെന്നാണ് നിലവിലെ പ്രതികരണങ്ങൾ വ്യക്‌തമാക്കുന്നത്.

വാട്‍സ്ആപ്പിന് നേരിട്ട തിരിച്ചടിയിൽ നിന്ന് പ്രയോജനം നേടിയത് സിഗ്‌നലും ടെലെഗ്രാമും ആണ്. പുതിയ ഉപയോക്‌താക്കൾ കൂട്ടത്തോടെ വന്നതിനെ തുടർന്ന് വെള്ളിയാഴ്‌ച സിഗ്‌നലിന്റെ സേവനത്തിൽ തടസം നേരിട്ടിരുന്നു.

ഇതിനിടയിലും വാട്‍സ്ആപ്പിന് നേരിയ ആശ്വാസം ഉണ്ടാക്കിയത് മറ്റ് പ്ളാറ്റ് ഫോമുകളിലേക്ക് മാറിയവരുമായി ബന്ധമുള്ള വ്യക്‌തികൾ അവരോടൊപ്പം ബദൽ മാർഗത്തിലേക്ക് മാറിയിട്ടില്ല എന്നതാണ്. അങ്ങനെ ഒരു വിഭാഗം ബദൽ മാർഗം തേടാതിരിക്കുന്നത് വാട്‍സ്ആപ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. അതാണ് പെട്ടന്ന് സമയ പരിധി നീട്ടി നൽകാൻ തീരുമാനിച്ചതും.

വാട്‍സ്ആപ്പ് ഉപേക്ഷിച്ചവരെ മടക്കി കൊണ്ട് വരികയും മറ്റുള്ളവർ പോകാതെ തടയുകയുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. ഇത് എത്രകണ്ട് ഫലം ചെയ്യുമെന്ന് വരും ദിവസങ്ങളിൽ വ്യക്‌തമാകും.

Also Read:  തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE