കൊല്ലം: കരുനാഗപ്പള്ളിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോംബൈ മിഠായി (പഞ്ഞി മിഠായി) നിർമാണ കേന്ദ്രം കണ്ടെത്തി. കരുനാഗപ്പള്ളിയിലെ പുതിയകാവിൽ പ്രവർത്തിച്ചിരുന്ന നിർമാണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. സംഭവത്തിൽ കെട്ടിട ഉടമക്കും ഇരുപതോളം തൊഴിലാളികൾക്കും എതിരെ കേസെടുത്തു.
ഇരുപതോളം ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിച്ചാണ് മിഠായി തയ്യാറാക്കിയിരുന്നത്. വൃത്തി ഇല്ലാത്ത പരിസരത്തായിരുന്നു മിഠായി നിർമാണം. അഞ്ചു ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികൾ താമസിച്ചിരുന്നത്. മിഠായി നിർമിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധനക്ക് എത്തുമ്പോൾ മിഠായി നിർമാണം നടക്കുകയായിരുന്നു.
വസ്‌ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്‌തു ചേർത്തായിരുന്നു മിഠായി നിർമിച്ചിരുന്നത്. ഇതേ തുടർന്ന്, വിൽപ്പനക്കായി തയ്യാറാക്കിയിരുന്നു 1000 കവർ മിഠായികൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിർമാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. അനധികൃത ഭക്ഷ്യ ഉൽപ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 63, 59 വകുപ്പുകൾ ചുമത്തി കേസെടുത്തു.
കെട്ടിട ഉടമ അലിയാർകുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളിൽ മിഠായി വിറ്റവർ ഉൾപ്പടെയുള്ള അതിഥി തൊഴിലാളികൾക്കും എതിരെയാണ് കേസെടുത്തത്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ വിഭാഗം കൊല്ലം അസിസ്‌റ്റന്റ് കമ്മീഷണർ അജി, കൊല്ലം, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
Most Read: ഡെൽഹി മദ്യനയ അഴിമതിക്കേസ്; തെലങ്കാന ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചി ബാബു അറസ്‌റ്റിൽ