ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ തുടർന്ന് 2 മാസത്തേക്ക് രക്‌തദാനം ചെയ്യരുതെന്ന നിർദേശവുമായി നാഷണൽ ബ്ളഡ് ട്രാൻഫ്യൂഷൻ കൗൺസിൽ(എൻബിടിസി). രക്‌തദാനം നടത്തുന്നതിലൂടെ പ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച അന്ന് മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാകുന്ന വരെയാണ് ഈ രണ്ട് മാസക്കാലയളവ് കണക്കാക്കുന്നത്.
ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസങ്ങൾ കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കുന്നത്. അതിനാൽ തന്നെ ആദ്യ ഡോസ് എടുത്ത ശേഷം 57 ദിവസത്തേക്ക് രക്‌തദാനം നടത്താൻ പാടില്ലെന്നാണ് എൻബിടിസി വ്യക്‌തമാക്കുന്നത്. രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് കോവിഡ് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഈ രണ്ട് വാക്‌സിനുകളുടെ കാര്യത്തിലും പുതിയ നിർദേശം ബാധകമാണെന്നും എൻബിടിസി വ്യക്‌തമാക്കി.
Read also : പൗരത്വ-കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം; കേരളത്തിന്റെ നടപടി ശരിവച്ച് സുപ്രീം കോടതി