കേരളത്തില്‍ ഭരണമാറ്റമില്ല; ആധികാരികവും സ്വതന്ത്രവുമായ അഭിപ്രായ സര്‍വേ

By Desk Reporter, Malabar News
No change of government in Kerala_ Pinarayi Will Repeat

കോഴിക്കോട്: നിശബ്‌ദവും എന്നാൽ കേരളം ആരുനയിക്കണമെന്ന് യഥാർഥത്തിൽ തീരുമാനിക്കുകയും ചെയ്യുന്ന ജനതയുടെ ഉള്ളറിയാൻ ശ്രമിക്കുമ്പോൾ മനസിലാക്കാൻ കഴിയുന്നത് കേരളത്തിൽ 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നാണ്.

ഏറെ സ്വതന്ത്രമായും, എന്നാൽ ആഴത്തിലും ചിന്തിക്കുന്ന വലിയ സമൂഹമാണ് കേരളത്തിലെ ഭരണം എങ്ങോട്ടു പോകണമെന്ന് എക്കാലവും തീരുമാനിച്ചിട്ടുള്ളത്. അവരുടെ തീരുമാനം ഇടത് ഭരിക്കണമെന്നാണ്. മാദ്ധ്യമരംഗത്ത് നിന്നുപോലും അത്തരമൊരു ആഗ്രഹമാണ്‌ കൂടുതലും കാണാൻ കഴിഞ്ഞത്.

ഒരു മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞതിലെ പ്രസക്‌ത വരികൾ……ഇരുത്തംവന്ന, ചങ്കൂറ്റമുള്ള ഒരു ക്യാപ്റ്റൻ തന്നെയാണ് പിണറായി. സ്വയം വഴിവെട്ടി വന്ന വ്യക്‌തി ആയതുകൊണ്ടുള്ള അഹങ്കാരം അയാളിൽ പ്രകടമാണ്. തന്നെക്കാൾ മുകളിൽ പോകുന്ന എല്ലാവരോടും അസൂയയമുണ്ട്. പക്ഷെ, ഇക്കാലയളവിൽ കേരളം നേരിട്ട പ്രതിസന്ധികളെ ക്രൈസിസ് മാനേജ്‌മെന്റ് ലീഡറായി നിന്നുകൊണ്ട് നേരിട്ട ആ രീതിയുണ്ടല്ലോ… അതിന് മാത്രം കേരളം വോട്ടുചെയ്യും…….

തീരെ പ്രതീക്ഷിക്കാത്ത ഒരു മാദ്ധ്യമ പ്രവർത്തകനിൽ നിന്നാണ് ഈ മറുപടി. അതും ഇടത് അംഗങ്ങളെ തന്റെ വാർത്താ പരിപാടിക്കിടയിൽ പൊരിച്ചെടുക്കുന്ന വ്യക്‌തിയിൽ നിന്ന്! സർവേയിൽ പങ്കെടുത്ത 71% ആളുകൾ ഉപയോഗിച്ച ചില പ്രയോഗങ്ങൾ ; ധീരനാണ് പിണറായി, പറഞ്ഞാ പറഞ്ഞതിൽ നിൽക്കും, ഇരട്ട മുഖമില്ല, ഒരു ക്യാപ്റ്റൻ പരിവേഷമുണ്ട്, പാവപ്പെട്ടവരോട് കരുണയുണ്ട്, നല്ല പുരോഗമന ബോധമുണ്ട് എന്നിങ്ങനെയുള്ള ചില വാക്കുകൾ എതിർപ്പ് പറയുന്നവരിൽ നിന്നുപോലും വീഴുന്നത് മലബാർ ന്യൂസ് പ്രത്യേകം ശ്രദ്ധിച്ചു.

കേരളത്തിലും മലയാളികളുടെ സ്വാധീനം കൂടുതലുള്ള മറ്റു 7 സംസ്‌ഥാനങ്ങളിലും ഗൾഫിലെ കുവൈറ്റ് ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഇറ്റലി, നോർവെ ഉൾപ്പടെ 13 വിദേശരാജ്യങ്ങളിൽ നിന്നുമായി ഫോൺ സംഭാഷണത്തിൽ ആകെ പങ്കെടുത്ത 420 പേർ. ഓരോരുത്തർക്കും നൽകിയത് 10 മുതൽ 20 മിനിറ്റ് സമയം. ഒരാളും ഒരു പാർട്ടിയിലും അംഗത്വം ഇല്ലാത്തവർ. എന്നാൽ, 140 പേർ പാർട്ടി താൽപര്യം ഉള്ളവരും! ഇവരിലൂടെ നടത്തിയ ഞങ്ങളുടെ സർവേ പറയുന്നു 84 മുതൽ 90 സീറ്റു വരെ നേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന്.

പല കാര്യങ്ങളും ഇടത് ഭരണത്തുടർച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനം യുഡിഎഫ് നേതാക്കളുടെ ചുറ്റും, തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം പറ്റിക്കൂടുന്ന, കേരളത്തിലെ അടിത്തട്ട് രാഷ്‌ട്രീയമറിയാത്ത പ്രവാസി കോൺഗ്രസ് നേതാക്കൾ, ചുരുക്കം ചില നേതാക്കളെ മാറ്റിനിറുത്തിയാൽ അഹങ്കാരവും ധാർഷ്‌ട്യവും നിറഞ്ഞ നേതാക്കളുടെ മാദ്ധ്യമ സമീപനം (ഞങ്ങൾക്കും അനുഭവങ്ങൾ നിരവധിയാണ്), ഒരു മാദ്ധ്യമ വാർത്ത തയ്യാറാക്കാൻ പോലുമറിയാത്ത നിരക്ഷരരായ താഴെത്തട്ട് നേതാക്കൾ, വായനയും ദീർഘ വീക്ഷണവും ഇല്ലാത്ത, അനുസരണയില്ലാത്ത ഇരട്ടമുഖമുള്ള കപട പ്രദേശിക നേതൃത്വങ്ങൾ, സിസ്‌റ്റമാറ്റിക്കല്ലാത്ത ക്യാംപയിൻ ചുമതലക്കാർ, ആവശ്യത്തിന് മാത്രം മാദ്ധ്യമങ്ങളെ ‘ഉപയോഗിക്കുന്ന’ നന്ദിയില്ലാത്ത നേതൃത്വ സമീപനം കൂടെ ഗ്രൂപ്പിസവും.

പ്രശ്‌നങ്ങൾ വേറെയുമുണ്ട്; ജമാഅത്തെ ഇസ്‌ലാമി ഉൾപ്പടെയുള്ള തീവ്രവാദ മുഖമുള്ള സംഘടനകളോടുള്ള മൃദു സമീപനം, പുരോഗമന വാദത്തോടുള്ള എതിർപ്പിലൂടെ സമ്പാദിക്കുന്ന യുവതയുടെ മുറുമുറുപ്പ്, ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ്, മുസ്‌ലിം ലീഗിന്റെ അപ്രമാദിത്വം, കോവിഡ് കാലത്ത് കാണിച്ച തോന്ന്യവാസങ്ങൾ, ചെറിയ വിഷയങ്ങളെ പെരുപ്പിച്ചുള്ള അനാവശ്യ വിവാദങ്ങൾ, ഭൗതിക യാഥാർഥ്യങ്ങളോടുള്ള കോൺഗ്രസ് നേതാക്കളുടെ സമീപനങ്ങൾ, സാമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെയുള്ള മേഖലയിലെ പ്രചാരണ വിഭാഗത്തിന്റെ ആത്‌മാർഥത ഇല്ലായ്‌മ, സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ ഉണ്ടായ ആശയക്കുഴപ്പങ്ങൾ, ഫിറോസ് കുന്നംപറമ്പിലിനെയും (ഇദ്ദേഹം തവനൂരിൽ ജയിച്ചേക്കാം, പക്ഷെ തവനൂരല്ല കേരളം) ധർമ്മജൻ ബോൾഗാട്ടി പോലുള്ള സ്‌ഥാനാർത്ഥികളെ കെട്ടിയിറക്കിയതിലൂടെ കേരളത്തിലെ വോട്ടർമാർക്കും കോൺഗ്രസ് അനുഭാവികൾക്കും കൊടുത്ത സന്ദേശം തുടങ്ങി നീളുന്നതാണ് മറ്റു പ്രശ്‌നങ്ങൾ.

നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വിവി രാജേഷും ചാത്തന്നൂരിൽ ബിബി ഗോപകുമാറും പാലക്കാട്ട് ഇ ശ്രീധരനും മലമ്പുഴയിൽ സി കൃഷ്‌ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യത ബിജെപി പറയുന്നുണ്ടങ്കിലും ബിജെപിക്ക് രണ്ടു സീറ്റുകളാണ് ലഭിക്കുക. പരമാവധി കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും. ഇതിനപ്പുറം ആരും രക്ഷപ്പെടില്ല എന്നതാണ് യാഥാർഥ്യം. കാരണം, കേരളത്തിൽ മതവും അതുമായി ബന്ധപ്പട്ട വിദ്വേഷവും വിറ്റഴിക്കാൻ സാധ്യമല്ലാത്തത് കൊണ്ടാണത്.

ബിജെപിയുടെ ഇതര പ്രതീക്ഷകളായ തൃശൂരിൽ സുരേഷ് ഗോപിയും മണലൂരിൽ എഎൻ രാധാകൃഷ്‌ണനും തിരുവനന്തപുരത്ത് നടൻ കൃഷ്‌ണകുമാറും കോഴിക്കോട് നോർത്തിൽ എംടി രമേശും പരാജയപ്പെടും. യുഡിഎഫിന് പരമാവധി 47 മുതൽ 53 സീറ്റുവരെയും ലഭിക്കും എന്നുമാണ് മലബാർ ന്യൂസ് മനസിലാക്കുന്നത്.

ജോസ് കെ മാണി, വിടി ബൽറാം, പിസി ജോർജ് ഉൾപ്പടെയുള്ള പലപ്രമുഖരുടേയും പരാജയം കേരളത്തെ ഞെട്ടിക്കുമെന്നാണ് സർവേ പറയുന്നത്. യാതൊരു മുൻവിധികളുമില്ലാതെ നടത്തിയ, തികച്ചും സ്വതന്ത്രമായ ഈ സർവേ മറ്റുസർവേകളിൽ നിന്ന് വേറിട്ടുനിൽക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇനിയുള്ള വിശകലനത്തിന് രണ്ടുദിവസം കൂടി കാത്തിരിക്കാം.

മലബാർ ന്യൂസ് പറയുന്ന സീറ്റ് നില:

എൽഡിഎഫ് 84- 90
യുഡിഎഫ് 47- 53
എൻഡിഎ 0-2
മറ്റുള്ളവർ 1

പൂർണ്ണ വായനയ്ക്ക്

Most Read: ഫേസ്ബുക്കിൽ വീണ്ടും ‘റിസൈന്‍ മോദി’ തരംഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE