ആലപ്പുഴ : സിപിഎം നൊപ്പം മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സിപിഐ യും രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ജലീലിന് പിന്തുണയുമായി എത്തിയത്. ജലീല്‍ രാജി വെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കാനം വ്യക്തമാക്കിയത്. ഒപ്പം തന്നെ കഴിഞ്ഞ മന്ത്രിസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ടിട്ട് പോലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി രാജി വച്ചിരുന്നില്ല എന്നും കാനം ചൂണ്ടിക്കാട്ടി.
ജലീലിന് വേണ്ടി സിപിഎം വീണ്ടും തങ്ങളുടെ ശക്തമായ പിന്തുണ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവനുമാണ് ജലീലിന് പിന്തുണയുമായി വീണ്ടും സിപിഎം ല്‍ നിന്നും രംഗത്തെത്തിയത്. സ്വര്‍ണ്ണക്കടത്തുകേസില്‍ ജലീല്‍ പ്രതിയല്ല എന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ മാത്രമാണ് വിളിപ്പിച്ചതെന്നും എം വി ഗോവിന്ദന് പറഞ്ഞു. കേസില്‍ അന്വേഷണം നേരിടേണ്ടത് കേന്ദ്രമന്ത്രി വി മുരളീധരനും അനില്‍ നമ്പ്യാരും ആണെന്നും അദ്ദേഹം പറഞ്ഞു. ഇവരിലേക്ക് അന്വേഷണം പോകാതെ കേസ് അവസാനിക്കില്ല എന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നും തന്നെ ഇല്ലന്നും ഇത് തികച്ചും സാങ്കേതിക നടപടികള്‍ മാത്രമാണെന്നും എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന് അഭിപ്രായപ്പെട്ടു. രാജി വെക്കാന്‍ വേണ്ടി ഒന്നും തന്നെ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ പ്രതിപക്ഷം തീര്‍ത്തും പരാജയമാണെന്നും, നുണകള്‍ പ്രചരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും പറഞ്ഞ വിജയരാഘവന് അവര്‍ നേതാക്കളുടെ കുടുംബങ്ങളെയും കടന്നാക്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി.
Read also : കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 12 ന്