മുംബൈ: പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എൻഎസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീൽ. “മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കടുത്ത നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള പ്രതികരണമാണ് കത്ത് (പരംബീര്‍ സിങ് മുഖ്യമന്ത്രിക്ക് അയച്ച കത്ത്). മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയെ സ്‌ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തിൽ ചോദ്യം പോലും ഉദിക്കുന്നില്ല,”- ജയന്ത് പാട്ടീൽ പറഞ്ഞു.
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കമ്മീഷണര്‍ സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട പരംബീര്‍ സിങ്ങിന്റെ കത്തിലാണ് അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുകേഷ് അംബാനി കേസിൽ സസ്‌പെൻഷനിലായ മഹാരാഷ്‌ട്ര ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ സച്ചിന്‍ വാസെയെ ഉപയോഗിച്ച് മുംബൈയിലെ ഭക്ഷണശാലകള്‍, ബാറുകള്‍, മറ്റ് സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 100 കോടി ഭീഷണിപ്പെടുത്തി കൈക്കലാക്കുവാന്‍ ശ്രമം നടന്നുവെന്നാണ് കത്തിൽ ആരോപിക്കുന്നത്.
വാസെയെപ്പോലെ വിവിധ ഉദ്യോഗസ്‌ഥര്‍ക്ക് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ നിര്‍ദേശം എത്തിയിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം. ഒപ്പം ക്രമസമാധാന പാലനത്തില്‍ ആഭ്യന്തര മന്ത്രിയുടെ രാഷ്‌ട്രീയ ഇടപെടല്‍ നടക്കുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
വാസെ അടക്കമുള്ള പോലീസ് ഓഫീസര്‍മാരെ സ്വന്തം വസതിയില്‍ വിളിച്ചുവരുത്തി അന്വേഷണങ്ങള്‍ക്കും മറ്റും ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കുന്നുവെന്നാണ് കത്തിലെ മറ്റൊരു ആരോപണം. ഫെബ്രുവരി മധ്യത്തോടെയാണ് നൂറുകോടി പിരിക്കാന്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് കത്തില്‍ പറയുന്നത്. പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇന്നലെയാണ് പുറത്തുവന്നത്.
Also Read: ഹത്രസ് കേസ്; വിചാരണ മാറ്റുന്നത് പരിഗണിക്കും; അലഹബാദ് ഹൈക്കോടതി