ഹത്രസ് കേസ്; വിചാരണ മാറ്റുന്നത് പരിഗണിക്കും; അലഹബാദ് ഹൈക്കോടതി

By Desk Reporter, Malabar News
Ajwa Travels

ലഖ്‌നൗ: ഹത്രസ് കൂട്ടബലാൽസംഗ കേസിലെ വിചാരണ ജില്ലയിൽ നിന്ന് മാറ്റുന്നത് പരിഗണിക്കുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള അലഹബാദ് ഹൈക്കോടതി വ്യക്‌തമാക്കി. തങ്ങൾക്കും അഭിഭാഷകർക്കും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

മാർച്ച് 5ന് ഹത്രസ് പ്രത്യേക കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചു. ആരോപണവിധേയമായ സംഭവത്തെക്കുറിച്ച് ഹൈക്കോടതി രണ്ടംഗ ബെഞ്ച് റിപ്പോർട് ആവശ്യപ്പെട്ടു. വിചാരണ സ്‌റ്റേ ചെയ്യേണ്ടതുണ്ടോ എന്നും മറ്റെവിടെക്കെങ്കിലും മാറ്റേണ്ടതുണ്ടോ എന്നും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

വിചാരണ ഹത്രസിൽ നിന്ന് മാറ്റി സംസ്‌ഥാനത്തിന് അകത്തെ മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റുന്നതിനായി സിബിഐയും അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

മാർച്ച് അഞ്ചിന് വിചാരണ നടന്നുകൊണ്ടിരിക്കെ തരുൺ ഹരി ശർമ എന്ന അഭിഭാഷകൻ കോടതി മുറിയിലേക്ക് അതിക്രമിച്ച് കയറി ഞങ്ങളെയും ഞങ്ങളുടെ അഭിഭാഷക സീമ കുശ്വാഹയെയും ഭീഷണിപ്പെടുത്തുകയും വിചാരണ നടപടികൾ നിർത്തിവെക്കാൻ ഹത്രസ് ജില്ലാ കോടതി പ്രിസൈഡിംഗ് ജഡ്‌ജിയെ നിർബന്ധിച്ചുവെന്നും ഹത്രസ് പെൺകുട്ടിയുടെ സഹോദരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇയാൾ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നു എന്ന് വ്യക്‌തമാണെന്നും അതിൽ പറയുന്നു.

പിന്നീട് അഭിഭാഷകരടക്കം ഒരു വലിയ ജനക്കൂട്ടം കോടതിമുറിയിൽ പ്രവേശിച്ച് തങ്ങളെയും അഭിഭാഷകയെയും വളയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് അന്ന് ജില്ലാ കോടതി ജഡ്‌ജി പോലീസ് ഉദ്യോഗസ്‌ഥനെ കോടതിയിലേക്ക് വിളിച്ചു വരുത്തുകയും അഭിഭാഷകക്ക് കോടതിക്ക് അകത്തും പുറത്തും സുരക്ഷ ഒരുക്കാൻ നിർദേശം നൽകുകയും ചെയ്‌തിരുന്നു. അതിനുശേഷം, സുരക്ഷാ ഭീഷണി ഉള്ളതിനാൽ അഭിഭാഷകക്ക് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സത്യവാങ്മൂലത്തിൽ തീരുമാനം പറയുന്നത് അലഹബാദ് ഹൈക്കോടതി ഏപ്രിൽ 7ലേക്ക് മാറ്റി. “വിചാരണ നടപടികൾ കോടതിക്ക് മുന്നിൽ സ്വതന്ത്രവും നീതിയുക്‌തവുമായ രീതിയിൽ യാതൊരു തടസവുമില്ലാതെ നടത്തുന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഹത്രസ് ജില്ലാ ജഡ്‌ജിയോട് കോടതി ആവശ്യപ്പെട്ടു.

Also Read:  ഹണി ട്രാപ് വീണ്ടും; യുവാവിന്റെ സ്വർണവും ഫോണും തട്ടിയെടുത്തു; ദമ്പതികൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE