താമരശ്ശേരി: അമ്പലമുക്കിന് സമീപം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തിൽ സംസ്‌കരണ പ്ളാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു.
കഴിഞ്ഞവർഷം സ്വകാര്യകമ്പനിയും ഹരിതകർമസേനയും ചേർന്ന് മാലിന്യം ശേഖരിച്ച് അയൽ സംസ്‌ഥാനങ്ങളിലേക്ക് സംസ്‌കരണത്തിനായി മാലിന്യം കയറ്റി അയച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച കരാർ അവസാനിച്ചതോടെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ പ്ളാസ്‌റ്റിക് ഉൾപ്പടെയുള്ള മാലിന്യം കുന്നുകൂടി സമീപവാസികൾക്കും തലവേദന ആകുകയാണ്.
നിലവിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം അതേപോലെ അമ്പലമുക്കിനോട് ചേർന്നുള്ള കേന്ദ്രത്തിൽ തള്ളുകയാണ്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതും നിലച്ചമട്ടാണ്. താമരശ്ശേരി പട്ടണത്തിൽ പ്ളാസ്‌റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതിനാൽ ടൗണിലും റോഡരികുകളിലും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം ശേഖരിക്കാനും സംസ്‌കാരിക്കാനും അടിയന്തിരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read also: എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി