കോഴിക്കോട്: സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ് പരിഹരിക്കപ്പെടാത്ത എലത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി സുൾഫിക്കർ മയൂരിയുടെ പ്രചാരണ പരിപാടികളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കുന്നു.
എലത്തൂർ സീറ്റ് എൻസിപി വിട്ട് വന്ന മാണി സി കാപ്പന് നൽകിയതിൽ തുടക്കം മുതലേ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലുണ്ടായിരുന്ന അതൃപ്‌തി പ്രചാരണത്തിലും പ്രകടമായതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ടു. ഡിസിസി പ്രസിഡണ്ട് യു രാജീവൻ ‘അച്ചടക്ക വാൾ’ ഉയർത്തി പ്രവർത്തകരെ സ്‌ഥാനാർഥിയുടെ കൂടെ അണിനിരത്താനുള്ള ശ്രമം തുടങ്ങി.
ഇതിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരുടെ അടിയന്തരയോഗം വെള്ളിയാഴ്‌ച വിളിച്ചിട്ടുണ്ട്. സ്‌ഥാനാർഥിയും യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ഇന്നലെയാണ് സുൾഫിക്കർ മയൂരി നാമനിർദേശ പത്രിക സമർപ്പിച്ചത്.
എൻസിപി മുൻ സംസ്‌ഥാന പ്രസിഡണ്ട് എസി ഷൺമുഖദാസിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് കളക്ട്രേറ്റിലെത്തി പത്രിക സമർപ്പിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി സി രവി, യൂത്ത് ലീഗ് നേതാവ് ഫൈസൽ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി യുഡിഎഫ് സ്‌ഥാനാർഥി സുൽഫിക്കർ മയൂരിക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് ഡിസിസി പ്രസിഡണ്ട് യു രാജീവൻ പറഞ്ഞു. വിമത പ്രവർത്തനം ഒരു കാരണവശാലും ഉണ്ടാകില്ല. സംസ്‌ഥാന യുഡിഎഫിന്റെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: വട്ടിയൂർക്കാവിലെ എൽഡിഎഫ് വിജയം ആർഎസ്എസ് വോട്ട് കൊണ്ട്; കെ മുരളീധരൻ