കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു മന്ത്രിയാകും; വകുപ്പുകളിൽ മാറ്റം

പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക.

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാകും. പട്ടികജാതി, പട്ടികവർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്‌ണൻ കൈകാര്യം ചെയ്‌തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനും കൈമാറി.

നിലവിൽ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വിഎൻ വാസവനുള്ളത്. തദ്ദേശ സ്വയംഭരണം, എക്‌സൈസ്‌ എന്നിവയാണ് എംബി രാജേഷിന്റെ വകുപ്പുകൾ. സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് സംസ്‌ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിനെ പരിഗണിക്കാനുള്ള അനുകൂല ഘടകങ്ങളെന്നാണ് റിപ്പോർട്.

പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. ഇതോടെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും. ഒന്നാം പിണറായി സർക്കാരിലും വയനാട്ടിൽ നിന്ന് മന്ത്രി ഉണ്ടായിരുന്നില്ല. 2011ലെ ഉമ്മൻ‌ചാണ്ടി സർക്കാരിൽ പട്ടികവർഗ വിഭാഗത്തിൽ നിന്ന് പികെ ജയലക്ഷ്‌മി മന്ത്രിസഭയിൽ ഉണ്ടായിരുന്നു.

വയനാട് ജില്ലയിൽ നിന്ന് സിപിഎം സംസ്‌ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒആർ കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് 2000ത്തിൽ പഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽ നിന്നും മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പികെ ജയലക്ഷ്‌മിയെ തോൽപ്പിച്ചു മാനന്തവാടി മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.

അതേസമയം, തന്നെ മന്ത്രിയാക്കിയ പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒആർ കേളു പ്രതികരിച്ചു. ഉത്തരവാദിത്തമുള്ള കാര്യമാണ്. വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വന്യജീവി അക്രമങ്ങളും കുറയ്‌ക്കാൻ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പരിചയക്കുറവുണ്ട്. പാർലമെന്ററി കാര്യ വകുപ്പിൽ പരിചയമുള്ള ആൾക്കാർ വരണം അതാണ് ശരി. വരുന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാകുമെന്നും ഒആർ കേളു പറഞ്ഞു.

Most Read| കീം ഫലപ്രഖ്യാപനം ഇന്നില്ല; ഈ മാസം 25നു ശേഷം ഉണ്ടായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE