മുംബൈ: ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 11, 12 തീയതികളിലാണ് റാലികളും മാർച്ചകളും നിരോധിച്ചുകൊണ്ട് ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർസിപി) സെക്ഷൻ 144 ഏർപ്പെടുത്തിയത്.
ആളുകൾ കൂട്ടംകൂടുന്നതിനും നഗര പരിധിയിൽ റാലികളും പ്രതിഷേധ മാർച്ചുകളും നടത്തുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ട് ദിവസത്തേക്കാണ് നിയന്ത്രണം. ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിക്കുന്നവർക്ക് ഐപിസി 188ആം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുകയാണ്. ഇതുവരെ 32 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
മഹാരാഷ്‍ട്രയിൽ മാത്രം 17 പേർക്കാണ് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 7 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തു. മുംബൈയിലുള്ള 3 പേർക്കും പിമ്പ്രി ചിഞ്‌ജ്‌വാദിൽ ഉള്ള 4 പേർക്കുമാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
ഗുജറാത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌തിരുന്നു. ഗുജറാത്തിൽ നേരത്തെ ഒമൈക്രോൺ സ്‌ഥിരീകരിച്ച ആളുടെ ഭാര്യക്കും ഭാര്യാ സഹോദരനുമാണ് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. ഇവർ ക്വാറന്റെയ്നിലാണ്.
Most Read: ഹെലികോപ്റ്റർ അപകടം; മരിച്ച ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു