ടോക്യോ : കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ടോക്യോ ഒളിമ്പിക്‌സിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ സമ്മതം അറിയിച്ചത് 28 ഇന്ത്യൻ അത്‌ലറ്റുകൾ മാത്രം. 18 മൽസര ഇനങ്ങളിലായി 9 മലയാളികൾ ഉൾപ്പടെ 127 ഇന്ത്യൻ അത്‌ലറ്റുകളാണ് ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇവരിൽ നിന്നാണ് 28 പേർ ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.
വെള്ളിയാഴ്‌ച പ്രാദേശിക സമയം രാത്രി 8.30നാണ് ടോക്യോ ഒളിമ്പിക്‌സിന്റെ ഉൽഘാടന ചടങ്ങ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള അത്‌ലറ്റുകൾ സമ്മതപത്രം നൽകണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒസി) ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 28 പേർ സമ്മതപത്രം നൽകിയതെന്ന് അധികൃതർ വ്യക്‌തമാക്കി. ഇവർക്കൊപ്പം ഇന്ത്യൻ സംഘത്തിൽ നിന്നും 6 ഒഫിഷ്യൽസും ചടങ്ങിൽ പങ്കെടുക്കും.
അതേസമയം കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ 50 അത്‌ലറ്റുകളെ മാത്രമേ ഉൽഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാൻ ഐഒസി ഉദ്ദേശിച്ചിരുന്നുള്ളൂ. കൂടാതെ അടുത്ത ദിവസങ്ങളിൽ മൽസരങ്ങളിൽ പങ്കെടുക്കുന്നവരോട് ചടങ്ങിൽ നിന്നും വിട്ടു നിൽക്കാനും ഐഒസി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഷൂട്ടിംഗ്, അമ്പെയ്‌ത്ത് താരങ്ങൾ ഉൽഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്.
ഉൽഘാടന ചടങ്ങിൽ ആകെ 950 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് സംഘാടകർ വ്യക്‌തമാക്കിയിട്ടുണ്ട്. കാണികൾക്ക് പ്രവേശനമില്ലാത്ത സാഹചര്യത്തിൽ സ്‌റ്റേഡിയത്തിൽ അത്‌ലറ്റുകളും, ഉദ്യോഗസ്‌ഥരും, മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെയാണ് 950 പേർ ചടങ്ങിൽ പങ്കെടുക്കുക.
Read also : രാജ്യത്ത് ജനാധിപത്യമാണ് എന്നത് കേന്ദ്രം മറക്കുന്നു; പ്രശാന്ത് ഭൂഷൺ