കോട്ടയം: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ ജനരോക്ഷം ശക്‌തമാകുന്നു. കൊമ്പനെ പിടികൂടാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, ദൗത്യം നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകൾ പ്രതിഷേധം അറിയിക്കുന്നത്. ആനയുടെ ആക്രമണത്തിന് ഇരകളായവരാണ് ശക്‌തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ഉച്ചക്ക് രണ്ടു മണിക്ക് കോട്ടയം വനം സിസിഎഫ് ഓഫീസിലാണ് യോഗം. ജനങ്ങളുടെ ആശങ്ക കോടതിയെ ധരിപ്പിച്ച് തുടർനടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനം എടുക്കും. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാൽ കോളനി പ്രദേശങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകാൻ കൂടുതൽ സേനയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ആനയ്‌ക്ക് റേഡിയോ കോളർ സ്‌ഥാപിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്‌തോ എന്ന് ചോദിച്ചാണ് കോടതി ആനയെ പിടികൂടുന്നത് 29 വരെ തടഞ്ഞിരിക്കുന്നത്. ജനങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന പ്രതിഷേധം അടക്കം പരിഗണിച്ചാകും സർക്കാരും വനംവകുപ്പും തുടർ നിലപാടുകൾ കൈക്കൊള്ളുക. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കാണ് ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങിയ മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുക എന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ചോദിച്ചു. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഫയൽ ചെയ്‌ത പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. 29ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
Most Read: രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ
How many more innocent people have to die to convince the masters that a rogue elephant has to be restrained?! PITY.