കൊച്ചി: ഏരീസ് തിയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തിയേറ്റർ മാനേജർ റിലീസാകുന്ന സിനിമകളെ കുറിച്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായ പ്രചാരണം നടത്തിയെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുൻപും മാനേജർ മലയാള ചിത്രങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ അവയെ മോശമായി ചിത്രീകരിക്കാറുണ്ടെന്നും നിർമാതാക്കൾ പറയുന്നു.
അടുത്തിടെ റിലീസായ സ്‌റ്റാർ എന്ന ചിത്രത്തെയും ഇയാൾ സമാനമായ രീതിയിൽ അവഹേളിച്ചിരുന്നു എന്നാണ് നിർമാതാക്കൾക്ക് കിട്ടിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ഏരീസ് പ്‌ളക്‌സിന് സിനിമകൾ നൽകേണ്ടതില്ലെന്ന് നിർമാതാക്കൾ സ്വയം തീരുമാനമെടുത്തതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കി.
എന്നാൽ, സംഘടന സിനിമകൾ നൽകില്ല എന്ന് പറഞ്ഞിട്ടില്ല. തിയേറ്റർ മാനേജർ സിനിമകൾ മോശമായി ചിത്രീകരിക്കുന്നു എന്ന കാര്യം ഏരീസ് ഉടമ സോഹൻ റോയിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹവുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ വിദേശത്തായതിനാൽ ചർച്ചകൾക്കായി എത്താൻ കഴിയില്ലെന്നാണ് സോഹൻ റോയി അറിയിച്ചത്. അതിനാലാണ് ഏരീസിന് സിനിമകൾ നൽകാതിരിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും അവർ വിശദീകരിച്ചു.
സിനിമ നൽകേണ്ടതില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞിട്ടില്ല. മറിച്ച് പുതിയ സിനിമകളുടെ നിർമാതാക്കൾ തിയേറ്റർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുകയാണ് ഉണ്ടായതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അധികൃതർ വിശദീകരിച്ചു.
Also Read: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ