അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത ‘വാങ്ക്‘ തീയേറ്റർ റിലീസ് കഴിഞ്ഞ് എട്ടാം ദിവസം തന്നെ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി പ്ളാറ്റ് ഫോമുകളിൽ ഒന്നായ നീസ്ട്രീമിലൂടെയാണ് വാങ്കിന്റെ ഓൺലൈൻ റിലീസ് തീരുമാനിച്ചത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചിട്ടും ചിത്രം കാണാൻ തിയേറ്ററിലേക്ക് ആളുകൾ എത്താൻ മടിച്ചതോടെയാണ് ‘വാങ്ക്‘ നീസ്ട്രീമിൽ എത്തുന്നത്. അടച്ചിടൽ കാലത്ത് പ്രേക്ഷകർക്ക് ഏറ്റവും പുതിയ ചിത്രങ്ങളെ പരിചയപ്പെടുത്തിയ ഒടിടി പ്ളാറ്റ് ഫോമുകൾ വലിയ വാണിജ്യ നേട്ടമാണ് കൈവരിച്ചത്.
ഉണ്ണി ആറിന്റെ കഥ അടിസ്‌ഥാനമാക്കി ശബ്‌ന മുഹമ്മദാണ് വാങ്കിന്റെ തിരക്കഥ ഒരുക്കിയത്. അനശ്വര രാജൻ നായികയാവുന്ന ചിത്രത്തില്‍ നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെപി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.
Read Also: ഇന്ത്യ-പാക് അതിർത്തി പോലെയാണ് ഇപ്പോൾ ഗാസിപൂർ; പ്രതിപക്ഷ എംപിമാർ