‘ടൂള്‍ കിറ്റും അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധം’; പോലീസിനോട് കോടതി

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: ടൂള്‍ കിറ്റും റിപ്പബ്ളിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമെന്ന് ഡെല്‍ഹി പട്യാല കോടതി. ടൂള്‍ കിറ്റ് കേസില്‍ അറസ്‌റ്റിലായ ദിഷ രവിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് ഇടയിലാണ് കോടതിയുടെ ചോദ്യങ്ങള്‍.

അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധമെന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നുവെന്നായിരുന്നു ഡെല്‍ഹി പോലീസിന്റെ മറുപടി. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനിക്കുകയാണോ എന്നും പോലീസിനോട് കോടതി ചോദിച്ചു.

ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ട്. നിര്‍ണായകമായ പല വാട്‌സാപ്പ് സന്ദേശങ്ങളും ദിഷ ഡിലീറ്റ് ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റ് ചെയ്‌തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ ചെയ്‌തതെന്നും പോലീസ് ചോദിച്ചു.

കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്നതിനാല്‍ ദിഷ രവിക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പോലീസ് വാദം. തനിക്ക് ഖലിസ്‌ഥാനുമായി ബന്ധമില്ലെന്നും ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയുമായി മാത്രമേ ബന്ധമുള്ളൂവെന്നും ദിഷ രവി പറഞ്ഞു.

ജാമ്യഹരജിയില്‍ വാദം അവസാനിച്ചു. കേസില്‍ വിധി പ്രസ്‌താവം ചൊവ്വാഴ്‌ച നടക്കും. കേസിലുള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിന്റെ ടൂൾകിറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ നിന്നുളള പരിസ്‌ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‍തത്.

സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ് ട്വിറ്ററില്‍ റിപ്പബ്ളിക് ദിനത്തിലെ കര്‍ഷക പ്രതിഷേധത്തിനെ സഹായിക്കാനായി ഷെയര്‍ ചെയ്‌തതാണ്‌ ടൂൾകിറ്റ്‌. ‘ഉണരൂ, ചെറുക്കൂ’ എന്ന ആഹ്വാനത്തോടെ പങ്കുവച്ച ഈ ടൂള്‍ കിറ്റ് ഖലിസ്‌ഥാൻ അനുകൂല സംഘടനയാണ് നിർമിച്ചതെന്ന് ഡെല്‍ഹി പോലീസ് പറയുന്നു. ജനുവരി 26നോ അതിനു ശേഷമോ കര്‍ഷകര്‍ക്ക് അനുകൂലമായി ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തണമെന്നാണ് ‘ടൂൾകിറ്റ്’‌ ആവശ്യപ്പെട്ടിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൃഷിമന്ത്രി നരേന്ദ്ര തോമറെയും ടാഗ് ചെയ്യണമെന്നും ഗ്രേറ്റ ഷെയര്‍ ചെയ്‌ത ടൂള്‍കിറ്റില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാരിന് മുകളില്‍ രാജ്യാന്തര സമ്മര്‍ദമുണ്ടാകേണ്ടത് അനിവാര്യമാണെന്നും ഇതിൽ പറഞ്ഞിരുന്നു.

‘ടൂള്‍കിറ്റ്’ എന്നുപറഞ്ഞാൽ ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാനും അതിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്ന് പ്രവർത്തകരെ ഓർമപ്പെടുത്താനും നിര്‍മിക്കുന്ന ലഘുലേഖയോ നിർദ്ദേശങ്ങളോ ആണ്. ഗ്രേറ്റ തന്‍ബെര്‍ഗ് ട്വിറ്ററില്‍ ഷെയർ ചെയ്‌ത ടൂൾകിറ്റിൽ കർഷക സമരം എങ്ങനെയാണ് രാജ്യാന്തര ശ്രദ്ധയിൽ എത്തിക്കേണ്ടത് എന്നും ജനകീയ ശ്രദ്ധയാകർഷിക്കാൻ ഏത് രീതിയിലാണ് ഇടപെടലുകൾ നടത്തേണ്ടത് എന്നും വിശദീകരിച്ചിരുന്നു. ഇതിനെയാണ് ‘ടൂള്‍കിറ്റ്’ എന്ന സാങ്കേതിക പദത്തിൽ മാദ്ധ്യമങ്ങളും പോലീസും അവതരിപ്പിക്കുന്നത്.

Kerala News: ട്രോളർ കരാർ; 27ന് തീരദേശ ഹർത്താലെന്ന് മൽസ്യമേഖലാ സംരക്ഷണ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE