ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് 2 മണിവരെ നിർത്തിവെച്ചു. രാജ്യസഭ 12 മണി വരെ പിരിഞ്ഞു. പ്രതിപക്ഷം വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അഞ്ച് മിനുട്ടോളം മാത്രമാണ് ലോക്‌സഭ ചേരാനായത്. സഭയുടെ തുടക്കത്തിൽ തന്നെ പെഗാസസ് വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. വിഷയം ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്നും ഇതിൻമേൽ ചർച്ച വേണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വരികയായിരുന്നു. എന്നാൽ സർക്കാർ ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു.
ജനാധിപത്യ സംവിധാനത്തെ താറടിക്കാനുള്ള ശ്രമമെന്ന പ്രസ്‌താവനയുമായി ഫോണ്‍ ചോര്‍ത്തൽ വിവാദത്തെ പ്രതിരോധിച്ച ഐടി മന്ത്രി അശ്വനി വൈഷ്‌ണവിന്റെ ഫോണ്‍ വരെ ചോര്‍ത്തിയെന്നാണ് ഇന്നലെ വൈകിട്ട് വന്ന റിപ്പോർട്.
അശ്വനി വൈഷ്‌ണവ് ഇന്ന് രാജ്യസഭയിൽ സംസാരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സഭയിൽ നിലപാട് വ്യക്‌തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.
അതേസമയം, കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടപടികളെ കുറിച്ച് വിശദീകരിക്കാൻ വൈകിട്ട് പ്രധാനമന്ത്രി പാർലമെന്റ് അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ആരോഗ്യസെക്രട്ടറി സംസാരിക്കുമെന്നാണ് സർക്കാർ ഒടുവിൽ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും സർക്കാർ പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്.
Most Read: ഷംസീറിനെതിരെ പറഞ്ഞാൽ എന്താ കുഴപ്പം? ഭീഷണിക്കത്തിൽ പ്രതികരിച്ച് കെകെ രമ