തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദു റഹിമാനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്‌റ്റഡീസ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അബ്‌ദു റഹിന്‍ വ്യക്‌തിപരമായ പരാമര്‍ശങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയില്‍ അബ്‌ദു റഹിമാൻ നടത്തിയ പരാമര്‍ശം വ്യക്‌തി എന്ന നിലയില്‍ റിയാസിന്റെയും സ്‍ത്രീ എന്ന നിലയില്‍ വീണയുടെയും മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.
മനുഷ്യാവകാശ ലംഘനത്തിനും വ്യക്‌തിഹത്യക്കും അപവാദ പ്രചാരണത്തിനും അബ്‌ദു റഹിമാൻ കല്ലായിക്കെതിരെ മനുഷ്യാവകാശ ദിനത്തില്‍ തന്നെ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.
റിയാസിന്റേത് വിവാഹമല്ല വ്യഭിചാരമെന്നും ഇത് പറയാൻ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമർശം. ‘മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് തന്റെ നാട്ടിലെ പുതിയാപ്‌ളയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? വ്യഭിചാരമാണ്. ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം’; അബ്‌ദു റഹിമാൻ കല്ലായി പ്രസംഗത്തില്‍ പറഞ്ഞു.
ആത്‌മീയതയാണ് മുസ്‌ലിം സമുദായത്തന്റെ അടിസ്‌ഥാന പ്രമാണമെന്നും മുസ്‌ലിം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്‌ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപം. സ്വവർഗ രതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്യൂണിസ്‌റ്റുകൾ എന്നും അവർ ഇസ്‌ലാമിക രീതിയില്‍ ജീവിക്കുന്നവരല്ലെന്നും അബ്‌ദുറഹിമാൻ കല്ലായി പറഞ്ഞു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുസ്‌ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടു നടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് രാഷ്‌ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്‌താവന വിവാദമായതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് അബ്‌ദു റഹിമാൻ കല്ലായി രംഗത്തുവന്നിരുന്നു. വ്യക്‌തി ജീവിതത്തിലെ മതപരമായ കാഴ്‌ചപ്പാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്‌തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചതല്ല. അങ്ങനെ സംഭവിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അബ്‌ദു റഹിമാൻ കല്ലായി പറഞ്ഞു.
Read also: സമരക്കാർ ഹോസ്‌റ്റല്‍ ഒഴിയേണ്ട; സര്‍ക്കുലര്‍ പിൻവലിച്ചു