തിരുവനന്തപുരം: സമരം നടത്തുന്ന പിജി ഡോക്‌ടർമാർ ഹോസ്‌റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. സമരത്തിലുള്ള പിജി ഡോക്‌ടർമാർ ഹോസ്‌റ്റലില്‍ നിന്നും കാമ്പസില്‍ നിന്നും വിട്ടുനില്‍ക്കണം എന്നായിരുന്നു നോട്ടീസ്. കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അതേസമയം പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്‌തമാക്കി. പിജി ഡോക്‌ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു. സമരം നടത്തുന്നവരോട് രണ്ടുതവണ ചര്‍ച്ച നടത്തി. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.
ജോലിഭാരം കുറക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്‌ടർമാരെ താൽകാലികമായി നിയമിക്കാനുള്ള ഉത്തരവ് ഇന്നലെ രാത്രി സർക്കാർ പുറത്തിറക്കി. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താൽകാലിക നിയമനം. എന്നാൽ ഈ ഉത്തരവിൽ വ്യക്‌തത ഇല്ലെന്നാണ് സമരക്കാർ പറയുന്നത്.
Read also: പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്