തിരുവനന്തപുരം: സംസ്‌ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് വ്യക്‌തമാകുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമാണ് ഇവിടുത്തെ പോളിംഗ്. 68.09 ശതമാനം പോളിങ്ങുള്ള പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.
പോളിംഗ് കൂടുതലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ തന്നെയാണ്. കോഴിക്കോടിനു പിന്നാലെ കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിംഗ് നടന്നു. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു.
പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പെങ്കിലും സംസ്‌ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികളും ഉയർന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ പോസ്‌റ്റൽ വോട്ട് ചെയ്‌തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്.
കൂടാതെ വോട്ടെടുപ്പിനിടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
അതേസമയം ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ബിജെപിക്ക് സ്‌ഥാനാർഥികൾ ഇല്ലാത്ത മണ്ഡലങ്ങളാണ് ഇവ. അതിനാൽ ബിജെപി വോട്ടുകൾ പോൾ ചെയ്യപ്പെടുന്നില്ല എന്നാണ് വിലയിരുത്തൽ.
Read Also: കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു