കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. പ്രതി സഞ്‌ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദ്ദനത്തിൽ വനിതാ ഡോക്‌ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും റിപ്പോർട്ടിലുണ്ട്.
രണ്ടു കണ്ണിലും വായയിലും രക്‌തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്‌തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലത് കൈയ്യിലും മോതിര വിരലിലും ചുണ്ടിലും മുറിവുകൾ ഉണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു കൊലപാതകം. ചെസ്‌റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ പിജി ഡോക്‌ടറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ചയാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
അശ്‌ളീല വീഡിയോക്ക് അടിമയായ സഞ്‌ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്‌തക്കറയുള്ള വസ്‌ത്രം അലക്കിയെന്നും പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. പോലീസ് മുൻ വൊളന്റിയറായ ഇയാൾ, നാല് തവണ വിവാഹം ചെയ്‌തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്‌തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡോക്‌ടർമാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണസമിതിയിൽ വൻ സ്വാധീനം പ്രതിക്ക് ഉണ്ടായിരുന്നുവെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടി. അതിനിടെ, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ