തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ക്രൈംബ്രാഞ്ചാണ് ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇഡിക്കെതിരെ ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്.
സ്വപ്‌നയുടെ ശബ്‌ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണ് നടപടി. ശബ്‌ദം തന്റേത് ആണെന്ന് സ്വപ്‌ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്‌ഥർ നിർബന്ധിച്ചു എന്നായിരുന്നു സ്വപ്‌നയുടെ ശബ്‌ദരേഖ. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചു എന്നും മൊഴി ഉണ്ട്.
ഇക്കാര്യം സാധൂകരിക്കുന്ന മൊഴി സ്വപ്‌നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്‌ഥ നൽകിയതും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്‌നയെ ഇഡി നിർബന്ധിച്ചതായി എസ്‌കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ സിജി വിജയനാണ് മൊഴി നൽകിയത്. ഇഡിയുടെ ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് സിജി വ്യക്‌തമാക്കിയിരുന്നു.
സ്വപ്‌നയെ നിർബന്ധിക്കുന്ന തരത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യലെന്നും ശബ്‌ദരേഖയിൽ ആരോടാണ് സ്വപ്‌ന സംസാരിച്ചതെന്ന് അറിയില്ലെന്നും സിജി പറഞ്ഞിരുന്നു. കേസിൽ സ്വപ്‌നയെ മാപ്പുസാക്ഷി ആക്കാമെന്നും ഇഡി വാഗ്‌ദാനം ചെയ്‌തിരുന്നു.
ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് കേസെടുത്തത്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Also Read: വിപണി ഉണർന്നത് ഇടിവോടെ; 6 ദിവസത്തിനിടെ 11.85 ലക്ഷം കോടിയുടെ നഷ്‌ടം