മുംബൈ: ഓഹരി വിപണി ഇന്നും നഷ്‌ടത്തോടെ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന വരുമാനം കാഴ്‌ചവെക്കുന്ന സാഹചര്യത്തില്‍ വിദേശ ഫണ്ടുകള്‍ പിന്‍വലിക്കപ്പെടുമോ എന്ന ആശങ്ക വിപണിക്കുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 318 പോയിന്റ് നഷ്‌ടത്തില്‍ 48,898.53 എന്ന നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി സൂചിക 118 പോയിന്റ് ഇടിഞ്ഞ് 14,440 എന്ന നിലക്കാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്.
രാവിലെ 352 ഓഹരികള്‍ മുന്നേറി. 1,050 ഓഹരികള്‍ നഷ്‌ടം നേരിട്ടു. 53 ഓഹരികളില്‍ മാറ്റമില്ല. വ്യവസായങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകള്‍ എല്ലാം നഷ്‌ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 2 ശതമാനത്തിലേറെ വീണു. നിഫ്റ്റി ബാങ്ക് സൂചികയില്‍ 0.75 ശതമാനം തകര്‍ച്ചയാണ് പ്രകടമായത്.
കഴിഞ്ഞ 6 വ്യാപാര ദിനം കൊണ്ട് 11.85 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നഷ്‌ടപ്പെട്ടത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ സംയോജിത വിപണി മൂല്യം 197.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. മാര്‍ച്ച് 10ന് ഇത് 209.2 ലക്ഷം കോടി രൂപയായിരുന്നു.
Read Also: കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്