കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന; ഉസ്‌മാൻ കാറ്റാടി

By Desk Reporter, Malabar News
Usman Kattadi _ Moothedam Grama Panchayat President
Ajwa Travels

കാരപ്പുറം: കർഷകർക്കും സാധാരണക്കാർക്കും അടിസ്‌ഥാന പദ്ധതികൾക്കും പ്രഥമ പരിഗണന നൽകുന്ന രീതിയിലാണ് പദ്ധതികൾ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതിൽ തന്നെ ഭവന പദ്ധതി, കുടിവെള്ള പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖല എന്നിവയുടെ വികസനമാണ് ആദ്യം പരിഗണിക്കുക. നിലവിൽ പരിഹരിക്കേണ്ട കുറച്ചധികം അറ്റകുറ്റ പണികളും തീർക്കേണ്ടതുണ്ട്; മൂത്തേടം പഞ്ചായത്ത്‌ പ്രസിഡണ്ട് ഉസ്‌മാൻ കാറ്റാടി പറഞ്ഞു.

മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിലെ മൂത്തേടം പഞ്ചായത്ത്‌ പ്രസിഡണ്ട് ഉസ്‌മാൻ കാറ്റാടി തന്റെ വികസന കാഴ്‌ചപ്പാടുകൾ മലബാർ ന്യൂസ് പ്രതിനിധി നൗഷാദലി പറമ്പത്തുമായി പങ്കുവെച്ചു. പ്രസക്‌ത ഭാഗങ്ങൾ;

പഞ്ചായത്ത് കേന്ദ്രീകരിച്ച് ഒരു കർഷക കൂട്ടായ്‌മ രൂപീകരിക്കണം. കൂട്ടായ്‌മയിലെ മുഴുവൻ അംഗങ്ങൾക്കും സബ്‍സിഡി നൽകി കാർഷിക ഉൽപന്നങ്ങൾ കർഷകരിൽ നിന്നും സംഭരിച്ച് വിപണനം നടത്തും. ഇതിനു വേണ്ടി പഞ്ചായത്തിൽ ആഴ്‌ചയിൽ രണ്ടുദിവസം പ്രവർത്തിക്കുന്ന ആഴ്‌ചചന്ത പോലെ ഒരു സംവിധാനം കൊണ്ട് വരും. പൊതു വിപണിയിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് വീട്ടിലേക്കാവശ്യമായ പലവ്യഞ്ജനങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും. ഇത് കർഷകരെയും സാധാരണ ജനങ്ങളെയും ഒരുപോലെ സഹായിക്കും.

വിളകൾക്ക് വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില കർഷകർക്ക് ലഭിക്കാനും സ്‌ഥിരവിപണി ഉറപ്പ് വരുത്താനും ആഴ്‌ചചന്ത പോലുള്ള സംവിധാനം സഹായിക്കും. കാർഷിക തൊഴിലുകൾ മഹാത്‌മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയെ പ്രോൽസാഹിപ്പിക്കും. ജലസേചനത്തിന് ആവശ്യമായ പമ്പ് സെറ്റിനും, വളത്തിനും 50 ശതമാനം വരെ സബ്‍സിഡി നൽകും. നെല്ലിക്കുത്ത് ഇറിഗേഷൻ പദ്ധതി പൂർത്തീകരിച്ച് സമ്പൂർണ കാർഷിക പഞ്ചായത്താക്കി ഈ പഞ്ചായത്തിനെ ഉയർത്തി കൊണ്ട് വരും.

ദശാബ്‌ദങ്ങളായി പഞ്ചായത്ത്‌ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വന്യമൃഗശല്യം. ഇതിനൊരു പരിഹാരമായി വന്യമൃഗശല്യമുള്ള മുഴുവൻ ഭാഗങ്ങളിലെയും വ്യക്‌തികളുടെ സ്‌ഥലങ്ങളിൽ സോളാർ വേലി, കരിങ്കൽ മതിലുകൾ, ഉരുക്ക് വേലികൾ എന്നിവ വനം വകുപ്പിന്റെ സഹകരണത്തോടെ നിർമിച്ച് സ്‌ഥാപിക്കും. ഈ വേലികളുടെ സംരക്ഷണം അതാതു ഭൂഉടമകൾ നിർവഹിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുക.

Usman Kattadi _ Moothedam Grama Panchayat President
ഉസ്‌മാൻ കാറ്റാടി തന്റെ ഓഫീസിൽ

കുടിവെള്ള മേഖലയിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കും. മുടങ്ങി കിടക്കുന്ന ജലനിധി പദ്ധതികൾ പുനരുദ്ധരിക്കും. 2014ൽ സംസ്‌ഥാന സർക്കാർ കൊണ്ട് വന്ന 40കോടിയുടെ കുടിവെള്ള പദ്ധതി കരുളായി, അമരമ്പലം പഞ്ചയത്തുകളുമായി ചേർന്ന് നടപ്പിലാക്കും. ആരോഗ്യ മേഖലയിലുള്ള പിഎച്ച്സി സെന്ററിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (സിഎച്ച്സി) ആക്കി ഉയർത്തണം. ഇവിടെ രക്‌ത ലാബ്, ഡയാലിസിസ് യൂണിറ്റ് എന്നിവയും തുടങ്ങണം.

മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സാംസ്‌കരിക്കാൻ ആവിശ്യമായ കമ്പോസ്‌റ്റ് കിറ്റ്, സോക്കേജ് കിറ്റ് എന്നിവ ഓരോ വീടുകൾക്കും നൽകും. നിലച്ചു പോയ ഹരിത കേരളയുടെ ഭാഗമായ എംസിഎഫിന് സ്‌ഥലം കണ്ടെത്തി മാലിന്യങ്ങൾ സംസ്‌കരിക്കാൻ ശാശ്വതമായ പരിഹാരം കാണും. പട്ടികജാതി പട്ടികവർഗ കുടുംബങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെന്ന് ജനസമ്പർക്ക പരിപാടികൾ പോലുള്ളവ നടത്തി അവർക്കാവശ്യമായ സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കും.

തൊഴിൽ മേഖലയിൽ കുടുംബശ്രീയെ ശക്‌തി പെടുത്തി ‘മൂത്തേടം ബ്രാൻഡ്’ ഉൽപന്നങ്ങൾ നിർമിച്ചു വിപണനം ചെയ്യാനാവിശ്യമായ തെഴിൽ പരിശീലനങ്ങളും, വായ്‌പകളും ലഭ്യമാക്കി സംസ്‌ഥാനത്തിന്‌ തന്നെ മാതൃകയാകുന്ന ഒരു ‘മൂത്തേടം മോഡൽ’ നടപ്പിലാക്കാനും ആഗ്രഹമുണ്ട്. അതിനായും ശ്രമിക്കണം; ഉസ്‌മാൻ കാറ്റാടി തന്റെ പഞ്ചായത്തിനെ മുന്നോട്ടു നയിക്കാനുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ലക്ഷ്യങ്ങളും പറഞ്ഞവസാനിപ്പിച്ചു.

Most Read: മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവ്

COMMENTS

  1. തൊഴിലില്ലാത്ത യുവതി യുവാക്കളുടെ പ്രശ്‌ന പരിഹാരത്തിന് വ്യവസായങ്ങൾ കൊണ്ടുവരണം

  2. ദൈനം ദിനം കുമിഞ്ഞു കൂടുന്ന അവസാനമില്ലാത്ത ഒന്നാണല്ലോ മാലിന്യം. അതിനെ കൈകാര്യം ചെയ്യാൻ മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു മാലിന്യ സംസ്‌കരണ പ്ലാന്റ് രൂപീകരിക്കുക .ഈ മാലിന്യങ്ങളെ പുത്തൻ വിദ്യകൾ ഉപോയോഗപ്പെടുത്തി ഉപയോഗ പ്രദമാവുന്ന ഒരു ഫിനിഷ് പ്രൊഡക്റ്റാക്കി മാറ്റുക ( ഉദാ: ഇഷ്‌ടിക,സിന്തറ്റിക്ക് ട്രാക്..)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE