കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയ്‌ക്ക് ശേഷം 12.30നാണ് പത്രികാ സമർപ്പണം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും റോഡ് ഷോയിൽ പങ്കെടുക്കും.
പ്രിയങ്ക ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‌ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെ നിന്ന് റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണ് അതിർത്തി കടന്ന് രാത്രി ഒമ്പതരയോടെ ബത്തേരിയിൽ എത്തിയത്.
പത്ത് ദിവസം പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്കക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്ന് പ്രചാരണത്തിനായി നിരവധി പ്രവർത്തകർ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്‌ഥാന നേതാക്കളും മണ്ഡലത്തിലെത്തും.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപ് ഇന്ന് 11നും യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസ് 12നും തലപ്പിള്ളി താലൂക്ക് ഓഫീസിൽ സഹവരണാധികാരി കൂടിയായ തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് എൻഡിഎ സ്‌ഥാനാർഥി സി കൃഷ്‌ണകുമാർ ഇന്ന് 2.30നും നാമനിർദ്ദേശപത്രിക നൽകും.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ