മലപ്പുറം: രാജ്യത്തിന്റെ യശസിനെ ലോക സമൂഹത്തിന് മുന്നിൽ ഇടിച്ചുകളയുന്ന രീതിയിൽ പ്രവാചകനിന്ദ നടത്തിയവർക്കെതിരെ മുഖംരക്ഷിക്കല്‍ നടപടികളല്ല വേണ്ടതെന്നും, ലോകം ശ്രദ്ധിക്കുന്ന ശക്‌തമായ നടപടികൾ ഉണ്ടാകണമെന്നും വിഷയത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടി ലോക സമൂഹത്തോട് മാപ്പ് പറയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഉത്തരവാദിത്തപ്പെട്ട ചുമതലകൾ വഹിക്കുന്ന ദേശീയ നേതൃത്വത്തിലുള്ളവർ തന്നെ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചത് അങ്ങേയറ്റം അപലപനീയമാണ്. നബിയെ നിന്ദിക്കാനായി മാത്രം ചരിത്രത്തെ വക്ര ദൃഷ്‌ടിയിൽ വായിച്ചെടുത്ത് വില കുറഞ്ഞ വിമർശനങ്ങൾ നടത്തുന്നത് ഇന്ത്യൻ സംസ്‌കാരത്തിന് നാണക്കേടാണ്; കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
മാന്യമായി പ്രതിപക്ഷ സ്‌നേഹാദരങ്ങൾ പുലർത്തുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. അതിലേക്കാണ് ലോകം ആകർഷിക്കപ്പെടുന്നത്. സൗഹാർദ്ദ അന്തരീക്ഷമുള്ള ഇന്ത്യയിലേക്കാണ് നിക്ഷേപകർ പോലും കടന്നുവരുന്നത്. സമാധാനം നഷ്‌ടപ്പെടുത്തുന്ന, വിദ്വേഷം പരത്തുന്ന ഇത്തരം ഔദ്യോഗിക പരാമർശങ്ങൾ രാജ്യത്തിന്റെ യശസിനെ ലോക സമൂഹത്തിന് മുന്നിൽ ഇടിച്ചുകളയുകയാണ്. ഇത് ദൂരവ്യാപകമായ പ്രത്യഘാതങ്ങൾ എല്ലാ തലത്തിലും സൃഷ്‌ടിക്കും. ഇത് മനസിലാക്കി, വിഷയത്തിൽ ലോകത്തിന് ബോധ്യമാകുന്ന നടപടികൾ നേതൃത്വം സ്വീകരിക്കണം; കേരള മുസ്‌ലിം ജമാഅത്ത് വിശദീകരിച്ചു.
കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമ്പോൾ മാത്രമാണ് അത് സമൂഹത്തിന് മാതൃകയാകുന്നത്. അതല്ലാത്ത പക്ഷം വ്യാപകമാകുന്ന ഇത്തരം നീച പ്രവർത്തികൾ വർദ്ധിക്കുകയും അത് രാജ്യത്തിന് ഗുരുതരമായ കോട്ടങ്ങൾ വരുത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങൾക്കെതിരെ ഏകപക്ഷീയമായി നടക്കുന്ന പോലീസ് വേട്ടയിലും എത്രയും വേഗം കേന്ദ്രം മൗനം വെടിഞ്ഞു നടപടികൾ സ്വീകരിക്കണം. ബഹുമത സംസ്‌കാരത്തെ അംഗീകരിക്കുന്ന ഭരണഘടനയും സാമൂഹിക വ്യവസ്‌ഥകളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇനിയും അമാന്തിച്ചുകൂട; പ്രമേയത്തിലൂടെ കേരളാ മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഗ്യാന്‍വാപി മസ്‌ജിദ് വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബിജെപി ദേശീയ വക്‌താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. വിഷയത്തിൽ അന്തർദേശീയ തലത്തിലും ദേശീയ തലത്തിലും വലിയ ജനരോഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് ഒഐസിയും (ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ) രംഗത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം. മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്‌തിത്വം, അന്തസ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികൾ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു.
ഇത്തരം ഇസ്‌ലാമോഫോബിക് പരാമര്‍ശങ്ങള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന് ഗുരുതരമായ അപകടമാണെന്നും അത് കൂടുതല്‍ മുന്‍ വിധികളിലേക്കും പാര്‍ശ്വ വല്‍ക്കരണങ്ങളിലേക്കും നയിച്ചേക്കാമെന്നും അത് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കൊടുങ്കാറ്റ് സൃഷ്‌ടിക്കുമെന്നും ഖത്തർ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു.
മുൻപും ഇത്തരത്തിലുള്ള പ്രസ്‌താവനകൾ ബിജെപി നേതാക്കൾ നടത്തിയിരുന്നെങ്കിലും മറ്റ് രാജ്യങ്ങൾ അത് ഇത്രമാത്രം ശ്രദ്ധിച്ചിരുന്നില്ല. രാജ്യത്തിനകത്ത് രൂപംകൊണ്ട ജനകീയ പ്രതിഷേധവും ഒപ്പം ഖത്തറും, കുവൈറ്റും സൗദിയുമടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചതുമാണ് നേതാക്കളെ പുറത്താക്കി മുഖംരക്ഷിക്കാൻ ബിജെപിയെ നിർബന്ധിച്ചത്. ഖത്തറും കുവൈറ്റും. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചിരുന്നത്.
Most Read: കറൻസിയിലെ ഗാന്ധിചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ല: ആർബിഐ