അഭിമാനമായി കെ-ഫോൺ; ആദ്യഘട്ട ഉൽഘാടനം ഇന്ന്

By Staff Reporter, Malabar News
kfon
ഐടി സെക്രട്ടറി മുഹമ്മദ് സഫീറുള്ള കെ-ഫോണിന്റെ പ്രവർത്തനം വിശദീകരിക്കുന്നു, Image Courtesy: The Hindu

തിരുവനന്തപുരം:സംസ്‌ഥാനത്തെ ഇന്റർനെറ്റ് മേഖലയിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്ന കെ-ഫോൺ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്‌ച വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം നിർവഹിക്കും. ഇന്റർനെറ്റ് അടിസ്‌ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്‌ഥാനത്ത് ഡിജിറ്റൽ വേർതിരിവുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ-ഫോൺ സാധ്യമാക്കുന്നത്.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യതക്ക് വഴിതുറക്കുന്നതാണ് പദ്ധതി. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് ആദ്യഘട്ടം പൂർത്തിയാകുന്നത്. വൈദ്യുതി പോസ്‌റ്റുകൾ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ച് ഇന്റർനെറ്റ് ലഭ്യതക്കുള്ള അടിസ്‌ഥാന സൗകര്യമൊരുക്കുന്നതാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. 5,000 കിലോമീറ്ററിൽ കേബിൾ ശൃംഖല പൂർത്തിയാകുന്നതോടെ സെക്കൻഡിൽ പത്ത് എംബി മുതൽ ഒരു ജിബി വരെ വേഗം ഉറപ്പാക്കി ഇന്റർനെറ്റ് ലഭ്യതക്ക് വഴിയൊരുങ്ങും.

കുത്തക ഇല്ലാതാക്കാൻ ഒന്നിലധികം സേവനദാതാക്കൾക്ക് ആയിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കലിന്റെ ചുമതല. ടെൻഡർ നടപടികളിലൂടെയാകും ഇത് പൂർത്തിയാക്കുക. ഏഴു ജില്ലകളിലെ ആയിരത്തിലധികം സർക്കാർ ഓഫീസുകളെ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററുമായും സ്‌റ്റേറ്റ് ഡേറ്റാ സെന്ററുമായും ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്.

തടസമില്ലാതെ ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള റിംഗ് ആർക്കിടെക്‌ചർ സംവിധാനമാണ് കെ-ഫോണിൽ ഉള്ളത്. കോർ റിംഗിന് കീഴിൽ ജില്ലകളിലെ ഉപയോക്‌താക്കളെ ബന്ധിപ്പിച്ച് ആക്‌സസ് നെറ്റ്‌വർക്ക് സംവിധാനമുണ്ടാകും. ഇവയെ ബന്ധിപ്പിച്ച് ഇൻഫോപാർക്കിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ ഉണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഇവ തടസമില്ലാത്ത ഇന്റർനെറ്റ് ഉറപ്പാക്കും. കിഫ്ബി വഴിയാണ് പദ്ധതിക്ക് പണം കണ്ടെത്തിയത്.

Read Also: പാചകവാതക വില വീണ്ടും കൂട്ടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE