വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി

By News Desk, Malabar News

ഉദുമ: കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുന്ന പിടിഎ കമ്മിറ്റികളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, പള്ളിക്കര കൂട്ടക്കനി ഗവ.യുപി സ്‌കൂളിലെ പിടിഎ കമ്മിറ്റി മറ്റൊരു രീതിയിലാണ് വ്യത്യസ്‌തരായിരിക്കുന്നത്. കുട്ടികൾക്ക് കൃഷി ചെയ്യാൻ 25 സെന്റ് ഭൂമിയാണ് പിടിഎ കമ്മിറ്റി വില കൊടുത്ത് വാങ്ങിയത്. കാസർഗോഡ് ജില്ലയിൽ ഇതാദ്യമായാണ് കരഭൂമി വാങ്ങി കുട്ടികളെ കൊണ്ട് കൃഷിയിറക്കുന്നത്.

അങ്ങനെ ഈ പരിസ്‌ഥിതി ദിനത്തിൽ സ്‌കൂൾ മതിലിനോട് ചേർന്നുള്ള തെങ്ങിൻ തോപ്പിൽ കൂട്ടക്കനിയിലെ കുരുന്നുകൾ വിത്തുവിതച്ചു. 2008 മുതൽ എല്ലാ പരിസ്‌ഥിതി ദിനവും മണ്ണിൽ നെൽവിത്ത് വിതച്ചാണ് കൂട്ടക്കനിയിലെ കുട്ടികൾ ആചരിക്കുന്നത്. ഭൗതിക സൗകര്യമടക്കം ഈ സ്‌കൂളിന് എല്ലാ സൗകര്യങ്ങളും വിശാലമായ മൈതാനവുമുണ്ട്. പക്ഷേ കൃഷിയോട് താൽപര്യമുള്ള കുട്ടികൾ ഇത്രയും കാലം കൃഷി പഠിക്കാൻ മറ്റിടങ്ങളിലെ കർഷകരുടെ ഒഴിഞ്ഞ സ്‌ഥലങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂൾ മുറ്റത്തു തന്നെ കുട്ടികളുടെ കൃഷിക്കായി മാത്രം ഭൂമി വാങ്ങാൻ പിടിഎ തീരുമാനിച്ചത്.

രണ്ടുവർഷക്കാലം പിടിഎയും എസ്‌എംസിയും അധ്യാപകരും തീവ്രപ്രയത്‌നം കൊണ്ട് സ്വരൂപിച്ച 20 ലക്ഷത്തിലധികം രൂപയാണ് സ്‌ഥലം വാങ്ങാനുപയോഗിച്ചത്‌. സ്‌ഥലം കൈമാറ്റത്തിനുള്ള കരാർ നടപടികൾ കഴിഞ്ഞു. അടച്ചുപൂട്ടൽ കഴിയുന്ന മുറയ്‌ക്ക് രജിസ്‌ട്രേഷൻ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ പ്രദേശത്ത് സെന്റിന് ഒന്നര ലക്ഷം വരെ വിലയുണ്ട്. എന്നാൽ, കുട്ടികൾക്ക് കൃഷി പഠിക്കാനാണെന്ന ആവശ്യം അറിഞ്ഞതോടെ സ്‌ഥലം ഉടമ പകുതിയിലും താഴ്‌ന്ന വിലക്ക് കൈമാറുകയായിരുന്നു.

സ്വന്തം സ്‌ഥലത്തെ ആദ്യ കൃഷിക്കുള്ള നെല്ലിന്റെ വിത്തെറിഞ്ഞ് മൂന്നാം ക്‌ളാസുകാരി വിഎസ്‌ സാൻവിയ സ്‌കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ അന്തർദേശീയ കാർഷിക അവാർഡ് ജേതാവ് പരേതനായ കൂട്ടക്കനി കോരേട്ടന്റെ കൊച്ചുമകളാണ് സാൻവിയ.

കരനെൽകൃഷി കഴിഞ്ഞ് പച്ചക്കറിയും, പൂച്ചെടികളുമൊക്കെ കൂട്ടക്കനിയിലെ കുരുന്നുകൾ വിളവെടുക്കും. ഇതോടൊപ്പം ഏഴ് സെന്റ് സ്‌ഥലത്ത് വനംവകുപ്പിന്റെയും പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സ്‌കൂൾ തയ്യാറാക്കുന്ന വിദ്യാവനം, പച്ചത്തുരുത്തിന്റെ ഉൽഘാടനവും നടന്നു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ പനയാലാണ് ഉൽഘാടനം നിർവ്വഹിച്ചത്. വാർഡംഗം വി സൂരജ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് പിസി പ്രഭാകരൻ അധ്യാപകർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Also Read: കോപ്പിയടി ആരോപണത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE