ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു

By Staff Reporter, Malabar News
balakrishna pillai
ആര്‍ ബാലകൃഷ്‌ണപിള്ള
Ajwa Travels

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍ ബാലകൃഷ്‌ണപിള്ള അന്തരിച്ചു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 86 വയസായിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അല്‍പസമയം മുന്‍പാണ് പുറത്തുവിട്ടത്. അനാരോഗ്യം മൂലം ഏറെ നാളായി വിശ്രമത്തിലും ചികിൽസയിലും ആയിരുന്നു അദ്ദേഹം.

എന്നിരുന്നാലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബാലകൃഷ്‌ണപിള്ള സജീവമായി ഇടപെട്ടിരുന്നു. മകനും പത്തനാപുരം എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയുമായ കെബി ഗണേശ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം പങ്കുചേർന്ന അദ്ദേഹം കെബി ഗണേശ് കുമാര്‍ കോവിഡ് ബാധിതനായി ചികിൽസയിലിരുന്ന സമയമായതിനാല്‍ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനും എത്തിയിരുന്നു.

1935 മാര്‍ച്ച്‌ 8ന് കൊല്ലം കൊട്ടാരക്കരയില്‍ കീഴൂട്ട് രാമന്‍ പിള്ള- കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം. വിദ്യാര്‍ഥിയായിരിക്കെ രാഷ്‌ട്രീയത്തില്‍ ആകൃഷ്‌ടനായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനായി മാറിയ ആര്‍ ബാലകൃഷ്‌ണപിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനവും വഹിച്ചിരുന്നു.

1985ല്‍ പഞ്ചാബ് മോഡല്‍ എന്ന പേരില്‍ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന മന്ത്രിസ്‌ഥാനം രാജി വെക്കേണ്ടി വന്ന ആര്‍ ബാലകൃഷ്‌ണപ്പിള്ള അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയും കൂടിയാണ്. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയില്‍വാസം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 5990ആം തടവുപുള്ളിയായാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. അങ്ങനെയാണ് ബാലകൃഷ്‌ണപിള്ള തന്റെ ആത്‌മകഥയ്‌ക്ക് ‘പ്രിസണര്‍ 5990‘ എന്നു പേരിടുന്നത്.

2011 മാര്‍ച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. ‘നയം, വിനയം, അഭിനയം എന്നിവ വശമില്ലാത്ത രാഷ്‌ട്രീയക്കാരന്‍’ എന്നാണ് ആത്‌മകഥയുടെ അവതാരികയില്‍ അദ്ദേഹത്തെ കുറിച്ചുള്ള പരാമര്‍ശം. അതേസമയം ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് കേരളപ്പിറവിയോട് അനുബന്ധിച്ച്‌ മറ്റ് 138 തടവുകാര്‍ക്കൊപ്പം ശിക്ഷായിളവ് നല്‍കി ബാലകൃഷ്‌ണപിള്ളയെയും വിട്ടയക്കുക ആയിരുന്നു.

വിദ്യാര്‍ഥി രാഷ്‌ട്രീയകാലം മുതല്‍ കേരള രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പല തലങ്ങളില്‍ തിളങ്ങിയ വ്യക്‌തിത്വമായിരുന്നു ബാലകൃഷ്‌ണപിള്ളയുടേത്. 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്‌ഥാപക ജനറല്‍ സെക്രട്ടറിയായി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനാണ്.

കൂടാതെ 1964 മുതല്‍ 1987 വരെ ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചു. 1971ല്‍ ലോക്‌സഭാംഗമായി. 1975ല്‍ സി അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ഗതാഗത, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതല ഏറ്റെടുത്താണ് ആദ്യ മന്ത്രിസഭാ പ്രവേശം. 1980-82, 198285, 198687 കാലഘട്ടങ്ങളില്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിട്ടുണ്ട്. 1991 മുതല്‍ 1995 വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പ്മന്ത്രി. 1995 മാര്‍ച്ച്‌ 22 മുതല്‍ 1995 ജൂലൈ 28 വരെ എകെ ആന്റണി മന്ത്രിസഭയിലംഗം. 200304 വര്‍ഷങ്ങളില്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

ഭാര്യ വൽസല നേരത്തെ മരണപ്പെട്ടു. മുന്‍ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേശ് കുമാര്‍ മകനാണ്. രണ്ട് പെണ്‍മക്കളുമുണ്ട്.

Read Also: ബംഗാൾ ഭരണം പിടിച്ചിട്ടും നന്ദിഗ്രാമിൽ മമതക്കുണ്ടായത് കനത്ത തിരിച്ചടി; റീകൗണ്ടിംഗ് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE