കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാം വർഷ ബികോം വിദ്യാർഥിയായ അസുല ഫിൻ ആണ് റാഗിങ്ങിങ് ഇരയായത്. മൂന്നാം വർഷ വിദ്യാർഥികളായ ഏഴ് പേർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ വിദ്യാർഥി കോളേജ് അധികൃതർക്കും പോലീസിലും പരാതി നൽകിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ നിന്ന് റാഗിങ് പരാതി ഉയരുന്നത്.
കഴിഞ്ഞ മാസം റാഗിങ്ങിനെ തുടർന്ന് കോളേജിലെ നാല് വിദ്യാർഥികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥി ഷഹസാദ് ആയിരുന്നു റാഗിങ്ങിന് ഇരയായത്. ക്‌ളാസിലിരിക്കുന്ന ഷഹസാദിനോട് പാട്ട് പാടാൻ ആവശ്യപ്പെടുകയും എന്നാൽ ഇത് വിസമ്മതിച്ചതോടെ ഒരുകൂട്ടം ആൺകുട്ടികൾ ഷഹസാദിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയാണ് ചെയ്‌തത്. മർദ്ദനത്തിൽ ഷഹസാദിന്റെ തലയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്.
സീനിയർ വിദ്യാർഥികൾ മർദ്ദിച്ച കാര്യം പുറത്തു പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. തുടർന്ന് വിദ്യാർഥി കോളേജ് പ്രിൻസിപ്പലിന് പരാതി കൊടുക്കുകയായിരുന്നു. പ്രിൻസിപ്പൽ പരാതി തളിപ്പറമ്പ് പൊലീസിന് കൈമാറിയതോടെയാണ് രണ്ടാം വർഷ വിദ്യാർഥികളായ നാല് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കണ്ണൂർ നഹർ കോളേജിലും റാഗിങ് നടന്നിരുന്നു. രണ്ടാം വർഷ ബിരുദ വിദ്യാർഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തിരുന്നു.
Most Read: കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്