പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ, ഒപ്പം രാഹുലും; പത്രികാ സമർപ്പണം നാളെ

നാളെ രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. തുടർന്ന് വരണാധികാരിയായ ജില്ലാ കളക്‌ടർക്ക് മുമ്പാകെ 12 മണിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

By Senior Reporter, Malabar News
Priyanka-Gandhi-Rahul-Gandhi
Rep. Image
Ajwa Travels

കൽപ്പറ്റ: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മണ്ഡലത്തിലെത്തും.

നാളെ രണ്ടുകിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക. നാളെ രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. തുടർന്ന് വരണാധികാരിയായ ജില്ലാ കളക്‌ടർക്ക് മുമ്പാകെ 12 മണിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പത്ത് ദിവസം പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്കക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്ന് പ്രചാരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്‌ഥാന നേതാക്കളും മണ്ഡലത്തിലെത്തും.

രാഹുൽ കഴിഞ്ഞ തവണ മൽസരിച്ചപ്പോൾ മണ്ഡലത്തിൽ മൂന്ന് ദിവസം മാത്രമാണുണ്ടായിരുന്നത്. രണ്ടുതവണ രാഹുൽ മൽസരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ, സോണിയ ഗാന്ധി എത്തിയിരുന്നില്ല. എട്ടര വർഷത്തിന് ശേഷമാണ് സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്.

അതിനിടെ, പ്രിയങ്കയുടെ മൽസരത്തിന്റെ പേര് പറഞ്ഞ് നേതാക്കൾ കൂട്ടത്തോടെ ചുരം കയറാതിരിക്കാൻ മുന്നൊരുക്കം ശക്‌തമാക്കി കോൺഗ്രസ്. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ അനാവശ്യമായി വയനാടിന് വേണ്ടി വണ്ടി കയറരുതെന്ന് കെപിസിസി കർശന നിർദ്ദേശം നൽകി. പാലക്കാട്ടെയും ചേലക്കരയിലെയും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി.

ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോൾ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ വയനാട്ടിലേക്ക് പോയാൽ ചേലക്കരയിലും പാലക്കാട്ടും പണി പാളുമെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങൾ ഇത്തിരി കടുപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂർ രാധാകൃഷ്‌ണനെയും കൊടിക്കുന്നിൽ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകർ. പ്രിയങ്കയുടെ മൽസരമായതിനാൽ എഐസിസി ഭാരവാഹികളുടെ നിരീക്ഷണത്തിലാണ് വയനാട്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE