തിരുവനന്തപുരം : സംസ്‌ഥാനത്തിനുള്ളിൽ സർവീസ് നടത്തിയിരുന്ന 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു. ഈ മാസം 31ആം തീയതി വരെയാണ് സർവീസ് നിർത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവിനെ തുടർന്നാണ് തീരുമാനം എടുത്തതെന്ന് റെയിൽവേ അധികൃതർ വ്യക്‌തമാക്കി.
കണ്ണൂർ ജനാശതാബ്‌ദി, വഞ്ചിനാട് എക്‌സ്‍പ്രസ്, ഏറനാട് എക്‌സ്‍പ്രസ്, അന്ത്യോദയ എക്‌സ്‍പ്രസ്, പാലരുവി എക്‌സ്‍പ്രസ് എന്നിവയുടെ സർവീസുകളാണ് നിർത്തിവച്ചത്. എന്നാൽ കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്‌ദി അടക്കം പ്രധാന സർവീസുകളും, പ്രധാന അന്തർസംസ്‌ഥാന ട്രെയിനുകളും സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്‌തമാക്കി.
കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മുതൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർവീസുകൾ നിർത്താനുള്ള തീരുമാനമെടുത്തത്. ഇതിന് പകരം സംവിധാനം ഒരുക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം കേരളത്തിൽ ലോക്ക്ഡൗൺ കാലയളവിലെ ട്രെയിൻ സർവീസുകൾ സംബന്ധിച്ച തീരുമാനം സർക്കാർ നിർദ്ദേശം ലഭിച്ച ശേഷം ഉണ്ടാകുമെന്നും റെയിൽവേ വ്യക്‌തമാക്കി.
Read also : വി മുരളീധരന് നേരെ ആക്രമണം; നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുരേന്ദ്രൻ