മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഉടനില്ലെങ്കിൽ അടുത്ത മാസത്തോടെ റെയിൽവേ മുഴുവൻ തീവണ്ടി സർവീസുകളും നടത്താനൊരുങ്ങുന്നു. നിലവിൽ 80 ശതമാനത്തോളം തീവണ്ടികളും ഓടുന്നുണ്ട്. ഇവയെല്ലാം പ്രത്യേക വണ്ടികളാണ്. അതിനാൽ നിരക്കും കൂടുതലാണ്. എന്നാൽ പുതിയ ടൈംടേബിൾ വരുന്നതോടെ വണ്ടികളുടെ നമ്പറുകളിൽനിന്ന് തുടക്കത്തിലുള്ള പൂജ്യം പുറത്താകുകയും നിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് കുറയുകയും ചെയ്യും.
ഒക്‌ടോബർ ആദ്യവാരത്തിൽ തന്നെ ചില റെയിൽവേ സോണുകൾ ഇത് നടപ്പാക്കുന്നുണ്ട്. മധ്യറെയിൽവേയും ഇതിന്റെ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആകെ 101 തീവണ്ടികളാണ് മധ്യറെയിൽവേ ഓടിക്കുന്നത്. ഇതിൽ 88 എണ്ണം ഇപ്പോൾ ഓടുന്നുണ്ട്. അടുത്ത രണ്ടോമൂന്നോ ആഴ്‌ചകൾക്കുള്ളിൽ മറ്റുള്ളവയും ഓടിത്തുടങ്ങും.
നിലവിൽ രാജ്യത്താകെ 2600ഓളം എക്‌സ്‌പ്രസ്, മെയിൽ വണ്ടികൾ ഓടുന്നുണ്ടെന്ന് റെയിൽവേ അറിയിച്ചു. കൂടാതെ 1500ഓളം പാസഞ്ചർ ട്രെയിനുകളുമുണ്ട്.
യാത്രക്കാരുടെ എണ്ണത്തിലും ഈ മാസം വലിയ വർധനയാണുണ്ടായത്. കോവിഡ് കാലത്തിന് മുൻപ് ഉണ്ടായിരുന്നതിന്റെ 80 ശതമാനത്തോളം യാത്രക്കാർ തീവണ്ടികളിൽ കയറിത്തുടങ്ങി.
ടിക്കറ്റ് ബുക്കിങ്ങും പഴയ നിലയിലേക്ക് എത്തുകയാണ്. കോവിഡിന് മുമ്പ് ശരാശരി ഒരു ദിവസം 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഐആർസിടിസി വഴി വിറ്റിരുന്നത്. നിലവിൽ ശരാശരി 11 ലക്ഷം പേരാണ് ഐആർസിടിസി വഴി ഓൺലൈനിൽ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ഇത് അഞ്ച് ലക്ഷത്തോളമായിരുന്നു. അടുത്ത മാസത്തോടെ ടിക്കറ്റ് വിൽപന പൂർവ സ്‌ഥിതിയിൽ ആവുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
ഓൺലൈൻ വഴിയാണ് 90 ശതമാനം റെയിൽവേ ടിക്കറ്റുകളുടെയും വിൽപന നടക്കുന്നത്. 10 ശതമാനത്തോളമാണ് റെയിൽവേ സ്‌റ്റേഷൻ കൗണ്ടറുകളിൽ വിൽക്കപ്പെടുന്നത്. കോവിഡ് മൂലം ടിക്കറ്റ് വിൽപന കുറഞ്ഞതടക്കം കഴിഞ്ഞ സാമ്പത്തിക വർഷം 32,769 കോടി രൂപയുടെ നഷ്‌ടമാണ് റെയിൽവേക്ക് ഉണ്ടായത്. ഇത് കുറക്കാനുള്ള പദ്ധതികളും റെയിൽവേ ആലോചിക്കുന്നുണ്ട്.
പല മെയിൽ എക്‌സ്‌പ്രസ് ട്രെയിനുകളും ജനശതാബ്‌ദിയും സൂപ്പർ ഫാസ്‌റ്റുമാക്കി മാറ്റുക, പാസഞ്ചർ ട്രെയിനുകളിൽ ചിലത് എക്‌സ്‌പ്രസ് ട്രെയിനുകളാക്കുക തുടങ്ങിയ പദ്ധതികളും ഇതിലുണ്ട്. കൂടുതൽപേരെ തീവണ്ടി യാത്രയിലേക്ക് ആകർഷിക്കുന്നതിന് ആഘോഷാവസരങ്ങളിലും മറ്റും പ്രത്യേക ഓഫറുകളും നൽകും. മുംബൈ-അഹമ്മദാബാദ് തേജസ് എക്‌സ്‌പ്രസിൽ യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെയും മറ്റും പ്രത്യേക സമ്മാനങ്ങൾ നൽകുന്ന ഐആർസിടിസിയുടെ പരിപാടി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
അതേസമയം പാസഞ്ചർ ട്രെയിനുകൾ കൂടുതൽ ഓടിക്കണമെങ്കിൽ അതത് സംസ്‌ഥാന സർക്കാരിന്റെ അനുമതി വേണമെന്നാണ് റെയിൽവേ പറയുന്നത്. ഇതിനായി കേരളം, മഹാരാഷ്‍ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്ന് കൂടുതൽ സമ്മർദമുണ്ടെങ്കിലും ഇക്കാര്യത്തിൽ റെയിൽവേക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. സംസ്‌ഥാനത്തെ കോവിഡ് സ്ഥിതിയും യാത്രക്കാരുടെ എണ്ണവും പരിഗണിച്ചായിരിക്കും പാസഞ്ചർ ട്രെയിനുകൾ ഓടിക്കുക.
Most Read: സ്‌കൂൾ തുറക്കൽ; വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ തുടരും