വി മുരളീധരന് നേരെ ആക്രമണം; നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുരേന്ദ്രൻ

By Desk Reporter, Malabar News
K-Surendran
Ajwa Travels

തിരുവനന്തപുരം: പശ്‌ചിമ ബംഗാളിൽ വച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്‌ഥക്ക് നേരെയാണ് അക്രമം നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ബംഗാളിലെ അക്രമങ്ങൾക്കെതിരെ ശബ്‌ദിക്കാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകുന്നില്ല. വി മുരളീധരന് നേരെയുണ്ടായ ആക്രമണത്തിൽ നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്‌തമാക്കി.

ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. ക്രമസമാധാനം പൂർണമായും മമതാ ബാനർജി തകർത്തു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കരുതരുത്. ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ബം​ഗാളിൽ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാ​ഗത്തെ തുടച്ചു നീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വെസ്‌റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിൽ വച്ചാണ് ആള്‍ക്കൂട്ടം വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രണം നടത്തിയത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന പേഴ്‌സണൽ സ്‌റ്റാഫിന് പരിക്കേറ്റു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി മുരളീധരന്‍ ട്വീറ്റ് ചെയ്‌തു. ഒരു കാറിന്റെ ചില്ലുകൾ തകർക്കപ്പെടുകയും പേഴ്‌സണല്‍ സ്‌റ്റാഫിനെ ആക്രമിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്‌ചിമ ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് ഇന്ന് മുരളീധരന് നേരെയുണ്ടായ ആക്രമണവും. നേരത്തെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് മുരളീധരന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉൾപ്പടെയുള്ളവര്‍ മരിച്ച ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

അതേസമയം ബംഗാളിലെ സംഘര്‍ഷ വിഷയത്തില്‍ സംസ്‌ഥാനം ഇതുവരെ കേന്ദ്രത്തിന് റിപ്പോർട് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം നേരിട്ട് പ്രത്യേക സംഘത്തെ നിയോഗിച്ചു. സംസ്‌ഥാനത്ത് എത്തിയ നാലംഗ ആഭ്യന്തര മന്ത്രാലയ സംഘം സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് റിപ്പോർട് തയ്യാറാക്കും. സംസ്‌ഥാനത്തെ ക്രമസമാധാന സാഹചര്യം നേരിട്ട് ബോധ്യപ്പെടുകയാണ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.

Also Read:  ‘തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ തമിഴ്‌നാട് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ടതില്ല ‘; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE