ന്യൂഡെൽഹി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഇന്ത്യയിൽ സാന്നിധ്യമുറപ്പിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ 8,00,000 ഉപഭോക്താക്കളെന്ന ചരിത്ര നേട്ടം പിന്നിട്ടു. കോവിഡ് കാലത്തും മികച്ച വിൽപനയുമായി മുന്നേറുന്ന ബ്രാൻഡ് ഇന്ത്യയിലെ ജനപ്രിയ കമ്പനികളിൽ ഒന്നായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ലോകോത്തര ടെക്നോളജി സെന്റർ, അത്യാധുനിക നിർമാണ സൗകര്യം, ലോജിസ്റ്റിക്സ്, ഡിസൈൻ സെന്റർ എന്നിവയുടെ സജ്ജീകരണങ്ങൾ ഉൾപ്പെടെ രാജ്യത്ത് കാര്യമായ പുരോഗതി കൈവരിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയിൽ എട്ട് ലക്ഷം യൂണിറ്റ് വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി പറഞ്ഞു.
ഇതൊരു അസാധാരണ യാത്രയാണ്, തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും, ഡീലർമാർക്കും, വിതരണക്കാർക്കും, ജീവനക്കാർക്കും അതിയായ നന്ദി രേഖപ്പെടുത്തുന്നതായി കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
Read Also: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം