ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഡിസംബർ 15ആം തീയതി മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ നൽകിയ നിർദ്ദേശം പുനഃപരിശോധിക്കും. ഇക്കാര്യത്തിൽ പുനഃപരിശോധന നടത്താൻ പ്രധാനമന്ത്രി ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ ഒമൈക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു.
രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്‌നബാധിത രാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പരിശോധനകള്‍ നടത്താനും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം ഡോ. വികെ പോള്‍ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടം വിതച്ച ഡെൽറ്റ വകഭേദത്തെക്കാൾ അപകടകാരിയാണ് ഒമൈക്രൊണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. ഇതിന് പിന്നാലെ ഒമൈക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്ക് യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ എന്നീ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണ ഡെർബി; ബ്ളാസ്‌റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ