വർഗീയത ആളി കത്തിക്കുന്നു; ബിജെപിയും സിപിഎമ്മും ഒരേ തൂവൽ പക്ഷികൾ; ആഞ്ഞടിച്ച് ചെന്നിത്തല

By News Desk, Malabar News
Chennithala against cpm
Ajwa Travels

കാസർഗോഡ്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും കേരളത്തെ പൂർണമായി വർഗീയവൽകരിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസിനെയും യുഡിഎഫിനെയും ഇല്ലാതാക്കുക എന്ന ഒരേ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇവർ തമ്മിലുള്ള അന്തർധാരയും സജീവമാണെന്ന് ചെന്നിത്തല പറയുന്നു.

കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി കാസർഗോഡ് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. തില്ലങ്കേരി മോഡല്‍ ഐക്യം കേരളം മുഴുവന്‍ വ്യാപകമാക്കാന്‍ സിപിഎമ്മും ആര്‍എസ്‌എസും ശ്രമിക്കുകയാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ച് നിന്നാലും കേരളത്തിലെ മതേതര വിശ്വാസികൾ എതിർത്ത് നിന്ന് യുഡിഎഫിനെ പിന്തുണക്കുമെന്നും ചെന്നിത്തല പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം തീ കൊണ്ടാണ് കളിക്കുന്നത്. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വർഗീയത ആളികത്തിക്കുകയാണ് അവർ. അതിനുവേണ്ടി സൈബർ സേനയെ സിപിഎം ഉപയോഗിക്കുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് വിജയരാഘവന്റെ ശ്രമം. തങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ അവരെല്ലാം പുരോഗമന വാദികള്‍, അല്ലാത്തപ്പോൾ വർഗീയ വാദികൾ എന്ന നിലപാടാണ് സിപിഎമ്മിന്റേത്.

യുഡിഎഫിന് പുറത്തുള്ള ഒരു പാര്‍ട്ടിയുമായും സഖ്യമില്ലന്നും മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ഒരു പോരാട്ടത്തിനാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തയാറെടുക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. 10 ശതമാനം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തെ പിന്തുണക്കുകയാണ് യു.ഡി.എഫ് ചെയ്‌തത്‌ .

പത്തു ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അനുകൂല്യങ്ങള്‍ നഷ്‌ടപ്പെടാന്‍ പാടില്ലെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്നതാണ്. മറ്റെല്ലാ വാർത്തകളും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സൃഷ്‌ടിക്കപ്പെട്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ 5 വർഷത്തെ ഭരണത്തിൽ ഇടതുസർക്കാരിന്റെ മാർക്ക് വട്ടപൂജ്യമാണ്. ഉമ്മൻ‌ചാണ്ടി സർക്കാർ പ്രഖ്യാപിച്ചതല്ലാതെ ഒരു പുതിയ പദ്ധതി പോലും നടപ്പാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളോട് ബഹുമാനമില്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങളുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരാണിത്. എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്- ചെന്നിത്തല തുറന്നടിച്ചു.

Also Read: കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി; നിർദ്ദേശങ്ങളുമായി വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE