തിരുവനന്തപുരം: റോഡ് ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്‌ഥാനത്ത് ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7,390 നിയമലംഘനം റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.
അതേസമയം, സംസ്‌ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്‌ചിതത്വം തുടരുകയാണ്. രണ്ടു ദിവസം പിന്നിട്ടിട്ടും നോട്ടീസ് അയക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾ ഓരോ കൺട്രോൾ റൂമിലും പരിശോധിച്ചു ഉറപ്പ് വരുത്തിയാൽ ‘പരിവാഹൻ’ സോഫ്റ്റ്‌വെയറിലേക്ക് അയക്കും.
വാഹന ഉടമക്ക് എസ്എംഎസ് അയക്കേണ്ടതും ഇ-ചെലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ കീഴിലുള്ള സോഫ്റ്റ്‌വെയർ വഴിയാണ്. തിങ്കളാഴ്‌ച രാവിലെ മുതൽ നിയമലംഘനങ്ങൾ കണ്ടെത്തി സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്‌തെങ്കിലും ആർക്കും എസ്എംഎസ് പോയില്ല. ഇത്രയധികം നിയമ ലംഘനങ്ങൾ ഒരുമിച്ചു അപ്‌ലോഡ് ചെയ്യുമ്പോൾ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ എൻഐസി അധികം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം.
Most Read: ഭക്ഷ്യസുരക്ഷ; ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടി കേരളം- ചരിത്രത്തിലാദ്യം