മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരായ മാനനഷ്‌ട കേസിൽ ഈ മാസം 10ന് വിചാരണ തുടങ്ങും. ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തെ തുടർന്നാണ് രാഹുലിന് എതിരെ പരാതി ഉയർന്നത്. മഹാരാഷ്‍ട്രയിലെ താനെ ജില്ലയിലുള്ള ഭീവണ്ടി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ളാസ് കോടതിയാണ് കേസ് പരിഗണിക്കുക.
ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ പരമാവധി വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ രാഹുലിന്റെ കേസും വേഗത്തിൽ തീർപ്പാക്കുമെന്ന് ജനുവരി 29ന് കോടതി വ്യക്‌തമാക്കിയിരുന്നു. എല്ലാ ദിവസവും തുടർച്ചയായി വാദം കേട്ട് കേസ് വേഗത്തിൽ തീർപ്പാക്കാനാണ് കോടതി തീരുമാനം.
2014ലാണ് രാഹുൽ ഗാന്ധിക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്തെ പരാതി നൽകിയത്. ഭീവണ്ടിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് രാഹുൽ ആരോപിച്ചിരുന്നു. തുടർന്നാണ് കുന്തെ കോടതിയെ സമീപിച്ചത്.
Read also: മണിപ്പൂർ തിരഞ്ഞെടുപ്പ്; മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പത്രിക സമർപ്പിച്ചു