പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പമ്പാവാലി കണമല പാലത്തിന് സമീപം വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്ക് നേരെയാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. കാർ ബസിലിടിച്ച ശേഷം തെന്നിമാറി തീർഥാടകരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
അതിനിടെ, ശബരിമലയിൽ തീർഥാടകർക്കൊപ്പം എത്തുന്ന വനിതകൾക്ക് പമ്പയിൽ സുഖമായും സുരക്ഷിതമായും തങ്ങാൻ നിർമിച്ച സ്‌ത്രീകളുടെ വിശ്രമ കേന്ദ്രത്തിന്റെ ഉൽഘാടനം ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് നിർവഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം 100 ചതുരശ്ര അടി വിസ്‌തൃതിയുള്ള കെട്ടിടമാണ് ഇതിനായി നിർമിച്ചിട്ടുള്ളത്.
50 സ്‌ത്രീകൾക്ക് ഒരേസമയം വിശ്രമിക്കാനുള്ള സൗകര്യം ഉണ്ട്. ശീതീകരിച്ച കെട്ടിടത്തിൽ വിശ്രമമുറി, ഫീഡിങ് റൂം, ശുചിമുറി ബ്ളോക്ക് എന്നിവയും ഉണ്ട്. പമ്പയിൽ വനിതകൾക്ക് വിശ്രമകേന്ദ്രം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ചോറൂണ് വഴിപാടിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാർക്ക് പമ്പയിൽ തങ്ങേണ്ടി വരുമ്പോൾ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയും.
അതേസമയം, ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിലെ വലിയ തിരക്ക് ഇന്നില്ല. നാലുമണിക്കൂർ വരെ കാത്തു നിന്നാണ് തീർഥാടകർ 18ആം പടി കയറുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇരുമുടിക്കെട്ടുമായി ഇന്ന് ഉച്ചയ്‌ക്ക് അയ്യപ്പ ദർശനം നടത്തും. പറവൂരിൽ നിന്ന് രാവിലെ പുറപ്പെട്ട അദ്ദേഹം, ഉച്ചപൂജക്ക് സന്നിധാനത്തെത്തും.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു