ശബരിമല യുവതീപ്രവേശനം: രഹ്‍ന ഫാത്തിമക്കെതിരെ കേരളം സുപ്രീംകോടതിയിൽ

വിവാദങ്ങൾ വഴി സാമൂഹിക വിഷയത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്ന ആക്‌ടിവിസ്‌റ്റ് രഹ്‍ന തന്റെ കടുത്ത ജാമ്യ വ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ എത്തിയത്. എന്നാൽ, ഇവർ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായും മതവികാരം വ്രണപ്പെടുത്തുന്ന സാമൂഹിക മാദ്ധ്യമ പോസ്‌റ്റുകൾ പലതവണ ചെയ്‌തതായും രഹ്‌നക്ക് ജാമ്യത്തിൽ ഇളവു നല്‍കരുതെന്നും കേരളം, കോടതിയില്‍ ആവശ്യപ്പെട്ടു.

By Central Desk, Malabar News
Sabarimala women's entry _ Kerala in Supreme Court against Rehana Fathima
രഹ്‍ന ഫാത്തിമ
Ajwa Travels

ഡെൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്‌ടിവിസ്‌റ്റ് രഹ്‍ന ഫാത്തിമക്ക് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലെ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് കേരളം സത്യവാങ്മൂലം നൽകിയത്.

ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുള്ള 2018ലെ സുപ്രിംകോടതി വിധിയെ തുടക്കം മുതലെ പിന്തുണച്ച വ്യക്‌തിയാണ്‌ രഹ്‌ന ഫാത്തിമ. കോടതി വിധി വന്ന ദിവസം കറുപ്പുടുത്തുള്ള ഒരു ഫോട്ടോ പോസ്‌റ്റ് ചെയ്‌തുകൊണ്ടാണ് രഹ്‌ന ഫാത്തിമ ഫേസ്ബുക്കില്‍ പോസ്‌റ്റ് പങ്കുവെച്ചിരുന്നത്.

പിന്നീട് ഇവർ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മാദ്ധ്യമ പ്രവര്‍ത്തകയായ കവിതാ ജക്കാലയ്‌ക്കൊപ്പം കനത്ത പോലീസ് സുരക്ഷയില്‍ മലകയറുകയും അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു. വിഷയത്തിൽ, ആക്‌ടിവിസ്‌റ്റുകളുടെ കരുത്ത് തെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന നിലപാട് ദേവസ്വം മന്ത്രി സ്വീകരിച്ചതോടെ രഹ്‌നയും കൂട്ടാളികളും അന്ന് മലയിറങ്ങുകയും ചെയ്‌തിരുന്നു.

രഹ്‌നഫാത്തിമ മലകയറിയത്, കേരളത്തിൽ തീവ്ര ഹിന്ദു വോട്ടുബാങ്ക് സൃഷ്‌ടിക്കാനുള്ള തന്ത്രമാണ് എന്നും ഇത് രഹ്‌നയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വെച്ച് ചര്‍ച്ച നടത്തി, പ്രതിഫല കരാർ ഉറപ്പിച്ച്, അത് മുൻ‌കൂർ വാങ്ങിയ ശേഷമാണ് നടത്തിയതെന്നും രഹ്‌നയുടെ കൂട്ടുകാരിയും ആക്‌ടിവിസ്‌റ്റുമായ രശ്‌മി ആര്‍ നായരുടെ ആരോപണം അന്ന് പുറത്തു വന്നിരുന്നു.

‘ബോഡി ആന്റ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടിൽ തന്റെ മക്കളെകൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ചും വിവാദത്തിലും കേസിലും പെട്ടിരുന്ന രഹ്‌നക്ക് ജോലിയും നഷ്‍ടമായിരുന്നു. 15 വര്‍ഷം കേന്ദ്രസർക്കാർ സ്‌ഥാപനമായ ബിഎസ്എൻഎല്ലിൽ ജോലിയില്‍ ഉണ്ടായിരുന്ന രരഹ്‌നക്ക് രണ്ടുതവണ മികച്ച ജീവനക്കാരിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ടെലികോം ടെക്‌നീഷ്യന്‍ തസ്‌തികയിൽ ഉണ്ടായിരുന്ന രഹ്‌ന, ജൂനിയര്‍ എന്‍ജിനീയറായി സ്‌ഥാനക്കയറ്റം ലഭിക്കേണ്ട സമയത്താണ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് കണ്ടെത്തിയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ആക്‌ടിവിസത്തിന്റെ പേരിൽ രഹ്‌ന നടത്തിയ ‘കിസ് ഓഫ് ലൗ’ ഉൾപ്പടെയുള്ള പല ഇടപെടലുകളും സ്‌ഥിരമായി വിവാദങ്ങളും കേസുകളും വിളിച്ചു വരുത്തിയിരുന്നു.

ഇവരുടെ യുട്യൂബ് ചാനലിലെ കുക്കറി ഷോയിലൂടെ ‘ഗോമാതാ ഫ്രൈ’ എന്ന പരാമർശം നടത്തിയതിനും ഇവർക്കെതിരെ കേസ് വന്നിരുന്നു. നിലവിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സാമൂഹ മാദ്ധ്യമങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും അഭിപ്രായം പറയുന്നതിനും പരിധിയില്ലാതെ യാത്ര ചെയ്യുന്നതിനും സാമൂഹിക ഇടപെടലുകൾക്കും കോടതി നിശ്‌ചയിച്ച പരിമിതികൾ നിലവിലുള്ള രഹ്‌ന ഇവയിൽ ഇളവ് ആവശ്യപ്പെട്ടാണ് കോടതിയിൽ എത്തിയത്.

രഹ്‌നയുടെ ആവശ്യം തള്ളണമെന്നും ജാമ്യവ്യവസ്‌ഥ രഹ്‌ന പലതവണ ലംഘിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ സത്യവാങ് മൂലം വഴി പറഞ്ഞു. ഹർഷദ് വി.ഹമീദാണ് കേരളത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒട്ടനവധി കേസുകൾ ബിജെപി പ്രവർത്തകരുടെ ഭാഗത്ത് നിന്നും നേരിടുന്ന രഹ്‌ന ഇപ്പോൾ സുപ്രീംകോടതിയിൽ ഉൾപ്പടെ വിവിധ കോടതികളിലായി 10ഓളം കേസുകൾ നേരിടുന്നുണ്ട്.

Most Read: സംസ്‌ഥാനത്ത്‌ മദ്യവില വർധന നിലവിൽ വന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE