പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ പ്രതിസന്ധിയിലേക്ക്.
ബിഹാറിലെ ലോക്‌സഭാ സീറ്റു വിഭജനത്തിൽ ജനതാദൾ (യു) കടുംപിടിത്തം തുടരുന്നതു സഖ്യകക്ഷികളെ വലയ്‌ക്കുന്നു. ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിൽ ജെഡിയുവിന്റെ 16 സിറ്റിങ് സീറ്റുകളിലും മൽസരിക്കുമെന്നതാണു പാർട്ടി തീരുമാനം. അവശേഷിക്കുന്ന 24 സീറ്റുകളുടെ കാര്യം ആർജെഡിയും കോൺഗ്രസും ഇടതുകക്ഷികളും തീരുമാനിച്ചാൽ മതിയെന്നും ജെഡിയു നിലപാടു കടുപ്പിച്ചു.
ബിജെപിയുടെ സിറ്റിങ് സീറ്റുകളിൽ മൽസരിക്കുകയെന്ന വെല്ലുവിളിയാണ് സഖ്യകക്ഷികൾ നേരിടുന്നത്. ബങ്ക, ജഹാനാബാദ് തുടങ്ങിയ ജെഡിയു സിറ്റിങ് സീറ്റുകൾ വേണമെന്ന ആർജെഡി ആവശ്യം ജെഡിയു നേതൃത്വം തള്ളിക്കളഞ്ഞു. ആർജെഡിയും 16 സീറ്റുകളിൽ മൽസരിച്ചാൽ അവശേഷിക്കുന്ന എട്ടു സീറ്റുകളിൽ അഞ്ചെണ്ണമാകും കോൺഗ്രസിനു ലഭിക്കുക.
സഖ്യത്തിലെ ഇടതുകക്ഷികളായ സിപിഐ, സിപിഐ (എംഎൽ), സിപിഎം കക്ഷികൾ ഒന്നിലധികം സീറ്റുകൾക്കായി ആർജെഡി നേതൃത്വത്തിനു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആറ, സിവാൻ സീറ്റുകളാണ് സിപിഐ (എംഎൽ) ആവശ്യപ്പെടുന്നത്. ബേഗുസരായി സീറ്റ് ആവശ്യപ്പെട്ട് സിപിഐ നേതൃത്വവും രംഗത്തുണ്ട്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആർക്കും അറിയില്ലെന്നും നിതീഷ് കുമാറാണ് പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് ഉചിതമായ വ്യക്‌തിയെന്നും ജനതാദൾ യുനൈറ്റഡ് (ജെഡിയു) എംഎൽഎ ഗോപാൽ മണ്ഡൽ പറഞ്ഞത് മുന്നണിയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. നിതീഷ് കുമാർ രാജ്യം മുഴുവൻ സഞ്ചരിച്ചാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെന്നും ഖാർഗെ എന്ന പേര് പോലും തനിക്ക് അറിയില്ലെന്നും മണ്ഡാൽ പറഞ്ഞു.
“ഖാർഗെയോ? എനിക്ക് അദ്ദേഹത്തിന്റെ പേര് പോലും അറിയില്ല. ആർക്കും അദ്ദേഹത്തെ അറിയില്ല. പക്ഷേ നിതീഷ് കുമാർ ആരാണെന്ന് ജനങ്ങൾ അറിയാം. കോൺഗ്രസിന് 40 സീറ്റ് നൽകിയാലും ഭഗൽപൂരിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് വിജയിക്കാൻ സാധിക്കില്ല, രാജ്യത്തെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ് ആയിരിക്കാം പക്ഷേ ബിഹാറിൽ അല്ല,“ മണ്ഡാൽ പറഞ്ഞു.
MOST READ | ഈദ്ഗാഹ് കൃഷ്‌ണഭൂമിയായി പ്രഖ്യാപിക്കണം; തള്ളി സുപ്രീംകോടതി