ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത് ഒരാഴ്‌ചക്ക് ശേഷമെന്ന് ഉത്തർപ്രദേശ് പോലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുപി ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാറിന്റെ പ്രസ്‌താവന വരുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം അവസാനിക്കുന്നതുവരെ സാധ്യതകളൊന്നും തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫോറൻസിക് റിപ്പോർട്ടിൽ ബലാത്സംഗം നടന്നതിന് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാറിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.
“ആദ്യ ദിവസം മുതൽ ഇരയുടെ ഭാഗം ഞങ്ങൾ വിശ്വസിച്ചിട്ടുണ്ട്. ശരിയായ വകുപ്പിന് കീഴിലാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞ് ഇരയും സഹോദരനും മാതാവും പോലീസ് സ്‌റ്റേഷനിൽ വന്നപ്പോൾ (സെപ്റ്റംബർ 14 ന്) ഞങ്ങൾ കേസ് രജിസ്‌റ്റർ ചെയ്‌തു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അവരെ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് പെൺകുട്ടിയെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. സെപ്റ്റംബർ 22നാണ് ആദ്യമായി ലൈംഗികാതിക്രമത്തെ കുറിച്ച് ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾ ഉടൻ തന്നെ ആ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു,”- അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 25നാണ് ഫോറൻസിക് സംഘം പെൺകുട്ടിയെ പരിശോധിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തത്. തുടർന്ന് ആരോഗ്യ നില കണക്കിലെടുത്ത് ഡെൽഹിയിലേക്ക് മാറ്റുകയും അവിടെ വച്ച് പെൺകുട്ടി മരിക്കുകയും ആയിരുന്നു. ഇന്നാണ് ഫോറൻസിക് പരിശോധനാ ഫലം തങ്ങൾക്ക് കിട്ടിയത്. പീഡനത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ട്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന് ഒരു നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Must Read: ‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍