കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്. എടക്കാട് സ്വദേശി അനിൽ കുമാറിന്റെ അമ്മയോടാണ് സ്‌മിതേഷ് അപമര്യാദയായി പെരുമാറിയത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ശനിയാഴ്‌ച രാത്രിയാണ് സംഭവം. കസ്‌റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനിൽ കുമാറിനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയത്. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്‌തെന്നാണ് പരാതി. അമ്മയെ എസ്‌എച്ച്‌ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നു.
മദ്യപിച്ചു വാഹനം ഓടിച്ചെന്ന് കാട്ടിയാണ് മകനായ അനിൽ കുമാറിനെ കസ്‌റ്റഡിയിൽ എടുത്തത്. എസ്‌എച്ച്‌ഒ മഫ്‌തിയിൽ ആയിരുന്നു. എടുത്തോണ്ട് പോടാ എന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കേൾക്കാം. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പോലീസുകാരുടെ, ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
Most Read: മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി